തൊടുപുഴ: പ്രസവ വിവരം മറിച്ചുവെച്ച് നവജാതശിശുവിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍.
ഇരുപത്തിയെട്ടുകാരിയായ സുജിതയാണ് അറസ്റ്റിലായത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുജിതയെ ഡിസ്ചാര്‍ജ് ചെയ്തതോടെയാണ് കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 11നാണ് കേരളക്കരയെ ഒന്നടങ്കം നടുക്കിയ ക്രൂരത. സുജിത ഗര്‍ഭിണിയായിരുന്ന വിവരം ഭര്‍ത്താവിന് പോലും അറിവില്ലായിരുന്നു. രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഭര്‍ത്താവുമായി അകല്‍ച്ചയില്‍ ആയിരുന്ന സുജിത ഏതാനം മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു യുവാവിന് ഒപ്പം തമിഴ്നാട്ടിലേക്ക് പോയിരുന്നു.
പിന്നീട് ബന്ധുക്കളും പൊലീസും ഇടപെട്ട് തിരികെ എത്തിച്ചെങ്കിലും ഭര്‍ത്താവുമായി മാനസിക ഐക്യത്തിലായിരുന്നില്ല. കൊലപാതകത്തിനുശേഷം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇരുപത്തിയെട്ടുകാരിയായ സുജിത കരിമണ്ണൂര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് ഉച്ചയോടെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊലക്കുറ്റത്തിനാണ് സുജിതയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.