കോട്ടയം: കേരളത്തില്‍ പലയിടത്തും കനത്ത മഴ തുടരുകയാണ്. കോട്ടയം ജില്ലയില്‍ മഴ കുറഞ്ഞെങ്കിലും പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. വൈക്കത്ത് അഞ്ഞൂറിലധികം വീടുകളില്‍ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി.
ഇല്ലിക്കല്‍, തിരുവാര്‍പ്പ്, കുമരകം എന്നിവിടങ്ങളില്‍ റോഡുകളിലും വീടുകളിലും മൂന്നുദിവസമായി വെള്ളക്കെട്ട് തുടരുന്നു. പാറേച്ചാലില്‍ റോഡാണെന്ന് കരുതി വെള്ളക്കെട്ടില്‍ നിന്ന് ആറിലേക്ക് വാഹനം തിരിച്ച കുമ്പനാട് സ്വദേശികളായ കുടുംബത്തെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ചു.
അതേസമയം, മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകള്‍ തുറന്നു. നാലുഷട്ടറുകള്‍ അഞ്ചു സെന്റിമീറ്റര്‍ വീതം തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് അണക്കെട്ട് തുറന്നത്. ഇക്കൊല്ലം ഇതു രണ്ടാം തവണയാണ് മലമ്പുഴ ഡാം തുറക്കുന്നത്.
കല്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും മുക്കൈപ്പുഴയിലും ജലനിരപ്പ് ഉയരും. അതിനാല്‍ പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.