കൊല്ലം; കൊല്ലത്ത് ഇരുപത്തിരണ്ടുകാരിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മുഖത്തു കണ്ടെത്തിയ പാടില് സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചതോടെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ജോനകപ്പുറം ചന്ദനഴികം പുരയിടത്തില്‍ അബ്ദുള്‍ ബാരിയുടെ ഭാര്യ ആമിന ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ആമിനയെ അബ്ദുള്‍ ബാരിയും ബന്ധുക്കളും ചേര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
തുടര്‍ന്നാണ് മുഖത്തെ പാട് ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. പൊലീസും ഫൊറന്‍സിക് വിദഗ്ധരും അബ്ദുള്‍ ബാരിയുടെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു.
വിദേശത്തായിരുന്ന അബ്ദുള്‍ ബാരി മൂന്നരവര്‍ഷംമുമ്പാണ് ആമിനയെ വിവാഹം കഴിച്ചത്. വിവാഹശേഷം അബ്ദുള്‍ ബാരി നാട്ടില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. സംഭവ സമയത്ത് ദമ്പതിമാരുടെ രണ്ടരവയസ്സുള്ള മകള്‍ സഫ മറിയ, അബ്ദുള്‍ ബാരിയുടെ മാതാവിനൊപ്പമായിരുന്നു.
ആമിനയ്ക്ക് ശ്വാസംമുട്ടലും മറ്റ് അസ്വസ്ഥതകളും ഉണ്ടായിരുന്നതായും കൊല്ലത്തെ വിവിധ ആശുപത്രികളില്‍ ചികിത്സതേടിയിരുന്നതായും അബ്ദുള്‍ ബാരി പോലീസിന് മൊഴി നല്കി. ആമിന സ്വയം മുറിവേല്‍പ്പിക്കാറുണ്ടായിരുന്നെന്നും ശ്വാസതടസ്സമുണ്ടാകുമ്പോള്‍ കൃത്രിമശ്വാസോച്ഛാസം നല്‍കിയാണ് സാധാരണനിലയിലേക്ക് കൊണ്ടുവന്നിരുന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.