ആലപ്പുഴ: സ്കൂട്ടർ യാത്രികൻ ബസിനടിയിൽപ്പെട്ട് മരിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. ഡ്രൈവറുടെ അശ്രദ്ധ മൂലമാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവർ ശൈലേഷ് കെവിയെയാണ് വിജലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.
ജനറൽ ആശുപത്രി ജങ്ഷന് സമീപമാണ് വെള്ളിയാഴ്ച വൈകിട്ട് അപകടം നടന്നത്. ശരിയായ ദിശയിൽ പോകുയായിരുന്ന സ്കൂട്ടറിൽ അശ്രദ്ധമായി മറികടന്നെത്തിയ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം അപകടം നടന്നതിന് പിന്നാലെ പുറത്തുവന്നിരുന്നു.
ബസ് തെറ്റായ ദിശയിൽ വെട്ടിച്ചപ്പോഴാണ് അപകടം നടന്നത്. അപകടത്തിൽ ആലപ്പുഴ കരളകം വാർഡ് കണ്ണാട്ടുചിറയിൽ മാധവനാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകന് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.