തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന അഞ്ച് ജില്ലകളില്‍ ആരോഗ്യവകുപ്പിന്റെ എലിപ്പനി മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്കാണു മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. പ്രതിരോധമരുന്നുകള്‍ കഴിക്കാന്‍ എല്ലാവരും തയാറാകണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
വെള്ളപ്പൊക്കം കാരണം ഈ രോഗാണുക്കള്‍ എല്ലാ വെള്ളക്കെട്ടുകളിലും എത്താനുള്ള സാധ്യതയുണ്ട്. ശുചീകരണ പ്രവര്‍ത്തനം ഉള്‍പ്പെടെ വെള്ളവുമായി സന്പര്‍ക്കത്തില്‍ വരുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവരുടെ ശരീരത്തിലെ നേര്‍ത്ത പോറലുകളിലും മുറിവുകളിലും കൂടി ഈ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കും. പനി ലക്ഷണം കണ്ടാല്‍ സ്വയം ചികിത്സ നടത്താതെ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.
പ്രളയത്തിനുശേഷം രക്ഷാപ്രവര്‍ത്തനത്തിലും ശുചീകരണപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവര്‍ക്കു നേരത്തെ തന്നെ എലിപ്പനി മുന്നറിയിപ്പും പ്രതിരോധമരുന്നും നല്‍കിയിരുന്നു. പ്രളയബാധിത പ്രദേശങ്ങളിലെ വെള്ളക്കെട്ടുകളില്‍ ശുചീകരണത്തിന് ഇറങ്ങുന്നവര്‍ എലിപ്പനി തടയുന്നതിന് ഡോക്സിസൈക്ലിന്‍ ഗുളിക ഉപയോഗിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.