വടകര: വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. കല്ലേരി സ്വദേശി സജീവന്(40) ആണ് മരിച്ചത്. മര്‍ദനമേറ്റ സജീവന് സ്റ്റേഷന് മുന്പില് കുഴഞ്ഞ് വീഴുകയായിരുന്നു. സജീവനെ പൊലീസ് ക്രൂരമായി മര്‍ദിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. വാഹനാപകട കേസില്‍ വ്യാഴാഴ്ചയാണ് സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വടകര ടൗണില്‍ വെച്ച് സജീവന്റെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. പിന്നാലെ നഷ്ടപരിഹാരം സംബന്ധിച്ച് ഇരു കാറുകളിലും ഉണ്ടായിരുന്നവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി.
ഇതോടെ മറ്റേ കാറില്‍ വന്നവര്‍ പൊലീസിനെ വിളിച്ചു. വടകര സ്റ്റേഷനില്‍ നിന്ന് കോണ്‍സ്റ്റബിളാണ് ഇവിടേക്ക് എത്തിയത്. പിന്നാലെ ഇവരുടെ വാഹനം വടകര സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിലെത്തിയ സജീവനേയും സുഹൃത്തുക്കളേയും മദ്യപിച്ചാണോ വാഹനം ഓടിക്കുന്നത് എന്ന് ചോദിച്ച് പൊലീസ് മര്‍ദിച്ചതായാണ് പറയുന്നത്.
സജീവന് മദ്യപിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ കാര്‍ ഓടിച്ചിരുന്നത് സജീവന് അല്ല. പുലര്‍ച്ചെ 2.30നാണ് പൊലീസ് സ്റ്റേഷന് വളപ്പില്‍ കുഴഞ്ഞുവീണ നിലയില്‍ സജീവനെ കണ്ടത്. നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് കൂട്ടാക്കിയില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
ക്രൂരമായി മര്‍ദിച്ചെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ കസ്റ്റഡിയിലിരിക്കെ അല്ല സജീവന് കുഴഞ്ഞുവീണതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സ്റ്റേഷന് വളപ്പില്‍ കിടക്കുന്നത് കണ്ട് സജീവനെ ആശുപത്രിയിലെത്തിച്ചത് ഓട്ടോ ഡ്രൈവറാണ്. ഓട്ടോയില്‍ കയറ്റാനായില്ല, ആംബുലന്‍സ് വിളിച്ചാണ് ആശുപത്രിയിലെത്തിച്ചത്. ഒരു പൊലീസുകാരന് മാത്രമാണ് വന്നുനോക്കിയത്. നേരത്തേ എത്തിച്ചിരുന്നുവെങ്കില്‍ രക്ഷപെടുത്താമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞുവെന്ന് ഓട്ടോ ഡ്രൈവര്‍ രൂപേഷ് പറഞ്ഞു.