തിരുവനന്തപുരം: കേരളത്തെ വാര്‍ത്തെടുക്കാനുള്ള പരിശ്രമത്തില്‍ ജനതയുടെ പങ്കുകള്‍ കുമിഞ്ഞു കൂടുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിങ്കളാഴ്ചവരെ സംഭാവനയായി ലഭിച്ചത് 713.92 കോടി രൂപയെന്നാണ് കണക്ക്. ഇതില്‍ 132.68 കോടി രൂപ സിഎംഡിആര്‍എഫ് പേമെന്റ് ഗേറ്റ്വേ, യുപിഐ എന്നിവ വഴിയും 43 കോടി രൂപ പേടിഎം വഴിയും ഓണ്‍ലൈനായി ലഭിച്ചതാണ്.
എസ്ബിഐയിലെ സിഎംഡിആര്‍എഫ് അക്കൗണ്ടില്‍ നിേക്ഷപമായി 518.24 കോടി രൂപ ലഭിച്ചു. ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രം ചെക്കുകളും ഡ്രാഫ്റ്റുകളുമായി 20 കോടി രൂപ ലഭിച്ചു. അവധി ദിവസങ്ങളില്‍ മറ്റ് ഓഫീസുകളില്‍ ലഭിച്ച ചെക്കുകളും മറ്റും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഇതുവരെ 3.91 ലക്ഷം പേര് ഓണ്‍ലൈനായി സംഭാവന നല്കി. ഓണ്‍ലൈന്‍ വില്പന സൈറ്റായ ഫ്ളിപ്കാര്‍ട്ട് ഒരു സന്നദ്ധ സംഘടനവഴി സംഭാവന ശേഖരിച്ചു നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സൈറ്റായ ‘മൈന്ത്ര’യും സിഎംഡിആര്‍എഫ് സംഭാവനയ്ക്ക് പ്രചാരണം നല്‍കുന്നുണ്ട്.