തിരുവനന്തപുരം: സംസ്ഥാനത്തെ വലച്ച പ്രളയക്കെടുതിയില്‍ മരണമുഖത്ത് കഴിഞ്ഞവരെ ജീവിതത്തിന്റെ വെളിച്ചത്തിലേയ്ക്ക് എത്തിച്ച മത്സ്യതൊഴിലാളികളുടെ കരുതലും കാരുണ്യവും വീണ്ടും. ഇത്തവണ നവ കേരളം വാര്‍ത്തെടുക്കുന്നതിനായി ദുരിതാശ്വസ നിധിയിലേയ്ക്ക് സംഭാവന നല്‍കാനാണ് തീരുമാനം.
രക്ഷാപ്രവര്‍ത്തനം നടത്തിയതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിഫലം ദുരിതബാധിതര്‍ക്കായി നല്‍കുമെന്ന് മത്സ്യതൊഴിലാളികള്‍ പ്രഖ്യാപിച്ചു. 4500 മത്സ്യത്തൊഴിലാളികളാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. ഇവരെ ആദരിക്കുന്നതിനായി 29ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വെച്ചുതന്നെ ഉപഹാരമായി ലഭിക്കുന്ന തുക കൈമാറാനാണ് തീരുമാനം.
വെളളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളിലും ഇവര്‍ പങ്കാളികളാകും. രക്ഷാപ്രവര്‍ത്തനത്തില്‍ കേടുപാടുകള്‍ സംഭവിച്ച ബോട്ടുകളും വളളങ്ങളും അറ്റകുറ്റപണി വേഗത്തില്‍ ചെയ്തുതരണമെന്നു മാത്രമാണ് അവരുടെ അപേക്ഷ. ദുരന്തമുഖത്ത് ജീവന് പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സ്വന്തം സൈനികരെന്നാണ് അഭിസംബോധന ചെയ്യുന്നത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലെ മത്സ്യത്തൊഴിലാളികളും വള്ളങ്ങളുമാണ് ദുരന്തബാധിതരെ രക്ഷപ്പെടുത്താനായി മുന്നിട്ടിറങ്ങിയത്. വലിയ വാഹനങ്ങളില്‍ വളളം പത്തനംതിട്ടയിലെത്തിച്ചും ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞുമാണ് ഇവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.