കൊല്ലം: പ്രളയകെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം ചെയ്യാനും കേരളത്തിനെ കരകയറ്റാനും മുന്നിട്ടിറങ്ങാത്ത മലയാളത്തിലെ മുഖ്യധാര നടന്മാരെയും യുവ നടന്മാരെയും രൂക്ഷമായി വിമര്‍ശിച്ച് ഗണേഷ് കുമാര്‍ എംഎല്‍എ. സമൂഹമാധ്യമങ്ങളില്‍ ഇരുന്ന് കണ്ണീര് ഒഴുക്കാതെ പ്രളയ ബാധിതരുടെ കണ്ണീരൊപ്പാന്‍ ഇറങ്ങാത്തത് മനസിനെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടികള്‍ പ്രതിഫലം വാങ്ങുന്ന പല നടന്മാരും അഞ്ച് പൈസ പോലും നല്‍കിയിട്ടില്ലെന്നും സുരാജ് വെഞ്ഞാറാമൂടിനെ പോലുള്ള പാവങ്ങളാണ് സഹായിച്ചതെന്നും ഗണേഷ് പറഞ്ഞു. താനും ഒരു കലാകാരനാണ്, അതിനാല്‍ ചലച്ചിത്ര താരങ്ങളില്‍ ചിലരുടെ നിലപാടിനെതിരെ പറയാതിരിക്കാനാവില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഫേസ്ബുക്കിലൂടെ എല്ലാ വിഷയത്തിലും അഭിപ്രായം കാച്ചുന്ന നടന്മാരോട് നിങ്ങളെന്ത് ചെയ്തുവെന്ന് ജനം ചോദിക്കണമെന്നും ഗണേഷ് പറഞ്ഞു.കുരിയോട്ടുമല ആദിവാസി ഊരുകളില്‍ ഓണക്കിറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.
ഫേസ്ബുക്കില്‍ ആകാശത്ത് ഇരുന്നുകൊണ്ട് ഇന്റര്‍നെറ്റില്‍ അഭിപ്രായം പറയുന്ന ചിലയാളുകള്‍ ഒരു സഹായവും നല്‍കിയില്ല. ഇവിടെ ക്ലബിലുള്ള കുട്ടികള്‍ പിരിച്ചെടുത്ത തുക ചെറുതാണെങ്കില്‍ പോലും അത് ദുരിതാശ്വാസനിധിയിലേയ്ക്ക് അവര്‍ നല്കി. പത്തനാപുരം കാര്‍ഷിക വികസന ബാങ്കിന്റെ ഒരു ലക്ഷം രൂപ താന്‍ തന്നെയാണ് മുഖ്യമന്ത്രിക്ക് കൈമാറിയതെന്ന് അദ്ദേഹം വ്യക്തമാക്കി.