തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ 8.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി 9.45ന് ഹെലികോപ്റ്ററില്‍ ചെങ്ങന്നൂരിലേക്ക് പോകും.
ചെങ്ങന്നൂരില്‍ ഒരു മണിക്കൂറോളം ദുരിതബാധിതര്‍ക്കൊപ്പം ചെലവഴിച്ചശേഷം ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് തിരിക്കും. ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ ആലുവയിലെത്തി ദുരന്തബാധിത പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തും.
ബുധനാഴ്ച എറണാകുളത്തുനിന്ന് കോഴിക്കോടെത്തുന്ന രാഹുല്‍ ഗാന്ധി വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. വിമാനത്താവളത്തില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തിന് സ്വീകരണം ഒരുക്കുന്നുണ്ട്.