ഇടുക്കി: കുഞ്ഞമ്മ എന്ന വയോധികയ്ക്ക് ജീവിത്തിലെ ഏക കൂട്ട് താമസിച്ചിരുന്ന വാടക വീട് മാത്രമായിരുന്നു. എന്നാല്‍ സംസ്ഥാനത്തെ വലച്ച പ്രളയം ആ വീടും മുക്കി കളഞ്ഞു. എല്ലാവരെയും പോലെ കുഞ്ഞമ്മ എത്തി ദുരിതാശ്വസ ക്യാംപില്‍. എന്നാല്‍ നാളിത്രയും കാണാത്ത സൗന്ദര്യമായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിലെ ജീവിതത്തിന് എന്ന് അവര്‍ പറയുന്നു.
തനിച്ച് ജീവിച്ച എനിയ്ക്ക് ആരൊക്കെയോ ഉള്ളതു പോലെ മനസില്‍ കുറിച്ചു. കുഞ്ഞമ്മ പറയുന്നു. വള്ളുവള്ളി ഗവ. യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കുഞ്ഞമ്മ എത്തിയത്. വന്നു ചേര്‍ന്ന നാള് മുതല്‍ സജീവ സാന്നിധ്യമായിരുന്നു. ക്യാംപ് സ്ഥിതിചെയ്യുന്ന സ്കൂള്‍ പരിസരം ശുചിയാക്കിയും ഭക്ഷണ സാധനങ്ങള്‍ ഒരുക്കിയും പാചകത്തിനായി സഹായിച്ചും വിശ്രമവേളയില്‍ പാട്ടു പാടി ഒപ്പം കഴിയുന്നവരെ ആനന്ദിപ്പിച്ചുമൊക്കെ കുഞ്ഞമ്മ അക്ഷരാര്‍ഥത്തില്‍ ക്യാമ്പിലെ താരമായി.
ഓണദിനത്തില്‍ ക്യാംപ് പിരിഞ്ഞ് ഏറെപ്പേരും വീടുകളിലേക്ക് മടങ്ങിയപ്പോള്‍ വഴിയേതുമില്ലാതെ നിസ്സഹായാവസ്ഥയിലാണ് 65 കാരിയായ കുഞ്ഞമ്മ. താന്‍ കഴിയുന്ന വാടക വീട്ടിനുള്ളില്‍ അടിഞ്ഞുകൂടിയിട്ടുള്ള ചെളിയും മറ്റും വൃത്തിയാക്കാന്‍ ഈ വയോധികയ്ക്ക് ഒറ്റയ്ക്കാവില്ല. വീടിന്റെ ഉടമയോട് വീട് വൃത്തിയാക്കി നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും വീട്ടുടമയും അതിന് തയ്യാറാകാതായതോടെ മറ്റൊരു കൂര തേടേണ്ട അവസ്ഥയിലാണ് കുഞ്ഞമ്മയ്ക്കിപ്പോള്.