കൊച്ചി: സംസ്ഥാനത്തെ നടുക്കിയ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ ജനജീവിതം വീണ്ടെടുക്കാന്‍ പെരുന്നാള്‍, ഓണം തുടങ്ങിയ ആഘോഷങ്ങള്‍ വേണ്ടെന്നു വെച്ച് കളത്തിലിറങ്ങി കേരള പോലീസ്. വിശ്രമത്തിന് വഴിവെക്കാതെ ഒന്ന് കഴിയുമ്പോള്‍ മറ്റൊന്നായി ഓരോ വീടുകളിലും കയറി ഇറങ്ങി ശുചീകരണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയാണ് ഈ സേന. പാലക്കാട് നിന്നെത്തിയ പോലീസുകാരാണ് ശുചീകരണത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
പാലക്കാട് കെഎപി സെക്കന്‍ഡ് ബറ്റാലിയനില്‍ നിന്നെത്തിയതാണ് പോലീസുകാര്‍. പലരും പെരുന്നാളിന്റെ അവധിയില്‍ വീട്ടിലിരിക്കുമ്പോഴാണ് രാത്രി വിളിയെത്തുന്നത്. എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യാന്‍. അന്നിറങ്ങിയതാണ്. ഇന്നുവരെ വിശ്രമമില്ലാതെ ജോലിയിലാണ് അവര്‍. കളമശ്ശേരി എആര്‍ ക്യാമ്പിലാണ് നിലവില്‍ കഴിയുന്നത്. രാവിലെ ആറിന് ക്യാമ്പില്‍ നിന്നിറങ്ങും. പിന്നെ ജോലിതീരുന്നത് രാത്രിയോടെ. ഇരുട്ടാകുന്നത് വരെ ജോലി തുടരും. ശേഷവും ജോലി തുടരാന്‍ ഇവര്‍ തയ്യാറാണ്. എന്നാല്‍, പലയിടങ്ങളിലും വൈദ്യുതി ഇല്ലാത്തതിനാല്‍ ഇരുട്ടാകുന്നതോടെ പണി അവസാനിപ്പിക്കും.
വൈദ്യുതി ഇല്ലാത്തതിനാല്‍ പലയിടത്തും കിണറ്റില്‍ നിന്ന് വെള്ളം കോരിയും മറ്റും വേണം വീട് വൃത്തിയാക്കാന്‍. എന്നാല്‍ ഇതിലൊന്നും ആരോടും പരാതിയില്ല. ഇതെല്ലാം തങ്ങളുടെ കടമയാണ് എന്നാണ് ഇവര്‍ പറയുന്നത്. ജനങ്ങളുടെ ഭാഗത്തുനിന്ന് പൂര്‍ണമായ പിന്തുണയുണ്ടെന്നാണ് പോലീസുകാര്‍ പറയുന്നത്. ജനങ്ങളിലേക്ക് ഇപ്പോഴാണ് പോലീസുകാര്‍ ഇറങ്ങിയതെന്നും ഇപ്പോഴാണ് ജനകീയ പോലീസായി മാറിയതെന്നുമാണ് ജനങ്ങള്‍ക്ക് പറയുന്നത്.