കൊച്ചി: കനത്ത മഴയ്ക്കും പ്രളയത്തിനും ശേഷം കേരളത്തില്‍ ഭൂചലനങ്ങളുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചതായി പഠന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഭൂകമ്പസാധ്യതയുള്ള മേഖലയായി കണക്കാക്കപ്പെടുന്ന കേരളത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പ്രളയവും പ്രകൃതി ദുരന്തവും ഈ സാധ്യതയില്‍ കാര്യമായ വര്ദ്ധനവുണ്ടാക്കിയിരിക്കുന്നെന്ന് ഗവേഷകനും ശാസ്ത്ര എഴുത്തുകാരനുമായ രാജഗോപാല്‍ കമ്മത്ത് വിശദീകരിക്കുന്നു.
വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഭൂഗര്‍ഭജലത്തിന്റെ അളവില്‍ കാര്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും, ഭ്രംശമേഖലകളില്‍ ആഴ്ന്നിറങ്ങുന്ന ജലം മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടാക്കുന്നെന്നും രാജഗോപാല്‍ പറയുന്നു. ഡാമുകള്‍ നിറഞ്ഞു കവിയുമ്പോഴും ജലം ശക്തിയായി പുറത്തേക്ക് തുറന്നുവിടുമ്പോഴും അതാത് സ്ഥലത്തെ ഭൂപ്രദേശത്തിന്റെ ഘടനയില്‍ മാറ്റം വരുന്നു.
അങ്ങിനെ മാറ്റങ്ങളുണ്ടാകുന്നയിടങ്ങളില് ശക്തമായ മഴ ഭൂചലനസാധ്യത ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇടുക്കി, പാലക്കാട്, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ ഇത്തരം മാറ്റങ്ങള്‍ക്കു ശേഷം നേരത്തേ ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതായി രാജഗോപാല്‍ കുറിപ്പില്‍ പറയുന്നു.