കാര്യവട്ടം: ഒത്തിരിയൊത്തിരി ഓര്‍മ്മകള്‍ ഉറങ്ങിക്കിടക്കുന്ന ആനവണ്ടി ഇനി യുവാക്കള്‍ക്ക് പഠനമുറിയാവും. കാര്യവട്ടം സര്‍വ്വകലാശാല കാമ്പസിലെ കംപ്യൂട്ടേഷണല്‍ ബയോളജി ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക്സ് പഠനവകുപ്പിലാണ് പഴയകാലത്തെ കെഎസ്ആര്‍ടിസി ബസ് ക്ലാസ്മുറിയാകാന്‍ ഒരുങ്ങുന്നത്.
ഓട്ടം നിര്‍ത്തിവെച്ച നെയ്യാറ്റിന്‍കര ഡിപ്പോയിലെ ബസാണ് ക്ലാസ്മുറിയാക്കുന്നത്. പാപ്പനംകോടുനിന്ന് ക്രൈനിന്റെ സഹായത്തോടെയാണ് ബസ് കാമ്പസില്‍ എത്തിച്ചത്. ബസിന്റെ ഉള്ളില്‍ അറ്റകുറ്റപ്പണികള്‍ നടത്തി വിളക്കും ഫാനുകളും സ്ഥാപിക്കും.
ഒരുമാസത്തിനകം ക്ലാസ്മുറികള് പ്രവര്‍ത്തിച്ചു തുടങ്ങും. ഡിപ്പാര്‍ട്ട്മെന്റ് ഓഫീസ് കെട്ടിടത്തിന്റെ മുന്നിലാണ് ബസ് നിര്‍ത്തിയിട്ടിരിക്കുന്നത്. ക്ലാസ്മുറികള് വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്തമായ അനുഭവമാക്കണമെന്ന ലക്ഷ്യത്തോടെ വകുപ്പ് മേധാവി ഡോ. അച്യുത് ശങ്കര്‍ എസ് നായരാണ് ബസിലൊരു ക്ലാസ്മുറി എന്ന ആശയം അവതരിപ്പിച്ചത്.
തീവണ്ടിയുടെ ഒരു ബോഗി കൊണ്ടുവരണമെന്നായിരുന്നു ആദ്യത്തെ ആശയം. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമുള്ളതിനാല്‍ അതിനു പകരം ബസ് എന്ന ആശയത്തിലേക്കു മാറി. നാലുവര്‍ഷം മുന്‍പ് ബസ് വേണമെന്നുകാട്ടി കെഎസ്ആര്‍ടിസിക്ക് അപേക്ഷ നല്കി.
എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. ഒരു മാസം മുന്‍പ് കെ.എസ്ആര്ടിസി. എംഡി. ബിജു പ്രഭാകറിനു കത്ത് നല്‍കുകയും അഞ്ചു ദിവസത്തിനകം ബസ് അനുവദിക്കുകയുമായിരുന്നു. സൗജന്യമായാണ് കെഎസ്ആര്‍ടിസി വിട്ടുകൊടുത്തത്. ക്രൈനില്‍ വലിച്ചുകൊണ്ടുവരാനുള്ള ചെലവ് മാത്രമാണ് പഠനവകുപ്പ് വഹിച്ചത്