ചെന്നൈ: ഹൃദയശസ്ത്രക്രിയയ്ക്ക് വേണ്ടി സ്വരുക്കൂട്ടി വെച്ചിരുന്ന തുക പ്രളയ ബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നീട്ടി അക്ഷയ എന്ന കൊച്ചുമിടുക്കി. സ്വന്തം ജീവനേക്കാള്‍ ഉപരി മറ്റുള്ളവരുടെ ജീവന് വില കല്‍പ്പിച്ച അക്ഷയയുടെ ശസ്ത്രക്രിയ സൗജന്യമായി നടത്തി കൊടുക്കുമെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ടെക്നോളജി അറിയിച്ചു.
പെണ്‍കുട്ടിയുടെ വാര്‍ത്ത മാധ്യമങ്ങളില്‍ നിന്നറിഞ്ഞ് അവളെ അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു എന്ന് ഡോക്ടര്‍ ആശാ കിഷോര്‍ പറയുന്നു. തമിഴ്നാട്ടിലെ കാരൂര്‍ ജില്ലയിലെ താന്തോന്നിമലയ്ക്ക് സമീപത്തുള്ള കുമാരപാളയം എന്ന ഗ്രാമത്തിലാണ് അക്ഷയുടെ കുടുംബം താമസിക്കുന്നത്. അമ്മ ജ്യോതിമണി മാത്രമേയുള്ളൂ അക്ഷയയ്ക്ക്. രണ്ട് സഹോദരിമാര്‍ വേറെയുമുണ്ട്. ആറ് വര്‍ഷം മുമ്പ് ഇവരുടെ പിതാവ് മരണപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇവളുടെ ആദ്യത്തെ ശസ്ത്രക്രിയ നടത്തിയത്. വീട്ടില്‍ മുത്തശ്ശനും മുത്തശ്ശിയുമുണ്ട്. അമ്മ ജ്യോതിമണി കൂലിപ്പണിയെടുത്ത് കൊണ്ടുവരുന്നത് കൊണ്ടാണ് ഈ കുടുംബം ജീവിക്കുന്നത്.
മൂന്നരലക്ഷം രൂപയാണ് അക്ഷയയുടെ സര്‍ജറിക്ക് വേണ്ടി വരുന്ന തുക. ഫേസ്ബുക്കില്‍ നിന്നാണ് ഇവര്‍ക്ക് സഹായം ലഭിച്ചു കൊണ്ടിരുന്നത്. എന്നാല്‍ ആവശ്യം വേണ്ട തുകയുടെ നാലിലൊന്ന് പോലും ലഭിച്ചിരുന്നില്ല. എന്നിട്ടും തങ്ങള്‍ക്കുള്ളതില്‍ നിന്ന് സംഭാവന ചെയ്യാന്‍ ഇവര്‍ ആ ഗ്രഹിച്ചു. അങ്ങനെയാണ് ആകെയുണ്ടായിരുന്ന ഇരുപതിനായിരം രൂപയില്‍ നിന്ന് അയ്യായിരം രൂപ അവള് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ചെറിയ തുക പോലും എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നു എന്ന് തങ്ങള്‍ക്കറിയാം എന്നിവര്‍ പറയുന്നു.
തങ്ങളുടെ കൊച്ചുവീടിന് മുകളിലൂടെ രക്ഷാദൗത്യവുമായി ഹെലികോപ്റ്ററുകള്‍ അങ്ങോട്ടുമിങ്ങോട്ടും പറക്കുന്നത് അക്ഷയ കണ്ടിരുന്നു. മാത്രമല്ല കേരളം വലിയൊരു പ്രളയക്കെടുതിയില്‍ പെട്ട് കഷ്ടപ്പടുന്ന ദൃശ്യങ്ങളും അക്ഷയ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. തനിക്കെങ്ങനെയാണ് അവരെ സഹായിക്കാന്‍ സാധിക്കുക എന്ന് മാത്രമേ അക്ഷയ ചിന്തിച്ചുള്ളു. അനുദിനം അക്ഷയയുടെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അമ്മ ജ്യോതിമണി പറയുന്നു. ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ തുടര്‍ന്നു കൊണ്ടിരിക്കുന്നത്.