കൊച്ചി: നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ നിന്ന് മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. വാളക്കോട് പാണക്കാട് നസീം വില്ലയിൽ നുജും സലിം കുട്ടിയാണ് മയക്കുമരുന്നുമായി എക്സൈസിന്റെ പിടിയിലായതെന്നാണ് റിപ്പോർട്ട്.
തേവര മാളിയേക്കൽ റോഡിലുള്ള, അസെറ്റ് കാസാ ഗ്രാൻഡെ അപ്പാർട്ട്മെന്റിൽ അർധരാത്രിയോടു കൂടി എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലാകുന്നത്. ഉടൻ തന്നെ, ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പൃഥ്വിരാജിന്റെ പേരിലുള്ള അപ്പാർട്ട്മെന്റിലെ നാലാം നിലയിലെ ഫ്ലാറ്റിൽ നിന്നാണ് മയക്കുമരുന്നുമായി ഇയാൾ പിടിയിലായത്.
ലഹരി സ്റ്റാമ്പുകളും കൊക്കെയ്നുകളുമുൾപ്പെടെ മാരക മയക്കുമരുന്നുകൾ ഇയാളിൽ നിന്നും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ടെന്ന് മെട്രോ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. എറണാകുളം എക്സൈസ് സിഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകൾ പിടികൂടിയത്.
സംഭവത്തിന് പിന്നാലെ എക്സൈസ് സംഘം ഫോണിലൂടെ പൃഥ്വിരാജുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, യുവാവിനെ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നും, അറിയില്ലെന്നുമാണ് പൃഥ്വിരാജിന്റെ മറുപടിയെന്നാണ് റിപ്പോർട്ട്. പുനലൂരിലെ അറിയപ്പെടുന്ന പ്രമുഖ ബിസിനസ് കുടുംബത്തിലെ അംഗമാണ് പിടിയിലായ യുവാവ്. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നും സൂചനയുണ്ട്.