തൃശൂര്‍: സഹോദരനെ കൊന്ന് ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചുമൂടി യുവാവ്. തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പ് മുത്തുള്ളിയാലിലാണ് നടുക്കുന്ന സംഭവം. മുത്തുള്ളി സ്വദേശി കെജെ ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന് കെജെ സാബുവിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബാബു മദ്യപിച്ചു ബഹളം വച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് സാബു മൊഴി നല്കി.
കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നത്. വ്യാഴാഴ്ച രാവിലെ പശുവിനെ കെട്ടാനായി സ്ഥലത്തെത്തിയ പ്രദേശവാസി മണ്ണ് ഇളകി കിടക്കുന്നതായി കാണുകയും തുടര്‍ന്ന് ഒരു കൈ പുറത്തേക്ക് കിടക്കുന്നതായും കണ്ടെത്തി.
also read: സര്‍ക്കാര്‍ ബസില്‍ വച്ച് ബിയറടിച്ച് സ്കൂള്‍ വിദ്യാര്‍ഥിനികള്‍, ചോദ്യം ചെയ്തതോടെ ബഹളം; അന്വേഷണം
ഇയാള്‍ പ്രദേശവാസികളായ മറ്റുള്ളവരെ വിവരമറിയിച്ച ശേഷം അവരോടൊപ്പം മടങ്ങിയെത്തിയപ്പോള്‍ നേരത്തേ മാറിക്കിടന്നിരുന്ന മണ്ണ് തിരികെ മൂടിയിട്ടതായും കണ്ടു. സംശയം തോന്നിയ നാട്ടുകാര്‍ മണ്ണ് മാറ്റി നോക്കിയപ്പോഴാണ് മണ്ണിനടിയില്‍ ഹോളോ ബ്രിക്സ് കട്ടകള്‍ നിരത്തിയതായി കണ്ടെത്തിയത്.
കട്ടകള്‍ മാറ്റിനോക്കിയപ്പോഴാണ് മൃതദേഹത്തിന്റെ കൈ കണ്ടത്. ഈ കയ്യില്‍ ബാബു എന്ന് പച്ചകുത്തിയതായും കണ്ടു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍പ്പ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൊല ചെയ്തശേഷം മൃതദേഹം കുഴിച്ചിട്ടതാണെന്നാണ് സൂചന. ജില്ലാ റൂറല്‍ പൊലീസ് മേധാവി ഐശ്വര്യ ഡോങ്റേയുടെ നേതൃത്വത്തില്‍ പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.