പേരൂര്‍ക്കട: ‘ഫ്ളഡ് റിലീഫ്’ എന്ന ബാനര്‍ വച്ചുവന്ന കണ്ടെയ്നര്‍ ലോറി മുട്ടട ജംഗ്ഷനു സമീപം നാട്ടുകാര്‍ തടഞ്ഞിട്ടു. സോഫ്റ്റ് ഡ്രിംഗ്സുകളുമായി വെള്ളയമ്പലം ഭാഗത്തുനിന്ന് അമ്പലമുക്കിലൂടെ കടന്നുവന്ന ലോറിയാണ് ഉച്ചയ്ക്ക് രണ്ടോടെ നാട്ടുകാര്‍ സംശയം തോന്നി തടഞ്ഞിട്ടത്.
മുട്ടടയിലെത്തിയ വാഹനത്തില്‍ നിന്ന് കോള ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ചെറിയ വാഹനങ്ങളിലേക്കു മാറ്റി കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നാട്ടുകാര്‍ക്കു സംശയമുണ്ടായത്. തുടര്‍ന്ന് ഇവര്‍ വാഹനം തടഞ്ഞിട്ട ശേഷം പോലീസില്‍ അറിയിക്കുകയായിരുന്നു. കോയമ്പത്തൂരില്‍ നിന്ന് കരകുളത്തുള്ള ഒരു കടയിലേക്ക് കൊണ്ടുവന്ന സാധനങ്ങളാണ് ഇതെന്നു ഡ്രൈവര്‍ സമ്മതിച്ചതായി പേരൂര്‍ക്കട എസ്ഐ സമ്പത്ത് പറഞ്ഞു.
‘ഫ്ളഡ് റിലീഫ്’ എന്ന് എഴുതിയിരുന്നതിനാല്‍ പൊതുജനങ്ങളില്‍ നിന്നു ശേഖരിച്ച എന്തെങ്കിലും വസ്തുക്കള്‍ കണ്ടെയ്നറിലുണ്ടോയെന്ന് വിശദമായി പരിശോധിച്ചുവെങ്കിലും അങ്ങനെയുള്ള സാധനങ്ങളൊന്നും കണ്ടെത്താനായില്ല.
കളിയിക്കാവിള, പാറശ്ശാല ചെക്പോസ്റ്റ് വഴിയാണ് വാഹനം കടന്നുവന്നത്. ‘ഫ്ളഡ് റിലീഫ്’ ബാനര്‍ ഉള്ളതിനാല്‍ പരിശോധന ഉണ്ടാകില്ലെന്നു കരുതിയാകാം ഇവര്‍ ഇങ്ങനെ ചെയ്തതെന്നാണ് പോലീസിന്റെ അനുമാനം.
അതേസമയം, മുമ്പ് ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വാഹനം ഓടിയിരുന്നുവെന്നും ബാനര്‍ എടുത്തുമാറ്റാന്‍ വിട്ടുപോയതാണെന്നുമാണ് വാഹന ഉടമകളുടെ വിശദീകരണം. ഒരു പ്രധാന ചെക്പോസ്റ്റു വഴി കടന്നുവരുന്ന ഹെവി വെഹിക്കിള്‍ വാഹനത്തില്‍ നിന്ന് ഇത്തരമൊരു ബാനര്‍ എടുത്തുമാറ്റാന്‍ മറന്നുപോയതാണെന്നുള്ള വിശദീകരണം പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവമറിഞ്ഞ് ജില്ലാകളക്ടറും എഡിഎമ്മും സ്ഥലത്തെത്തി പരിശോധന നടത്തി.