എളങ്കുന്നപ്പുഴ: മരണ മുഖത്ത് നിന്ന് ജീവന് രക്ഷിച്ച നായകനെ തേടി ഒടുവില്‍ സലിംകുമാര്‍ എത്തി. പ്രളയത്തില്‍ വെള്ളം വീടിന്റെ രണ്ടാം നിലയിലേയ്ക്ക് കടന്നതോടെ രക്ഷപ്പെടാനാവില്ലെന്ന് ഉറപ്പിച്ച താരത്തിന്റെ അടുത്തേയ്ക്ക് ദൈവദൂതനെ പോലെ എത്തുകയായിരുന്നു സുനിലും കൂട്ടരും. ‘നന്ദി പറയുന്നില്ല. മരണം വരെയും ഹൃദയത്തില്‍ സൂക്ഷിക്കും…’ സുനിലിനെ കെട്ടിപ്പിടിച്ചു സലിംകുമാര്‍ പറഞ്ഞു.
സലിംകുമാറും കുടുംബവും അയല്‍ക്കാരും ഉള്‍പ്പെടെ 32 പേരെയാണു മാലിപ്പുറം സ്വദേശി കൈതവളപ്പില്‍ സുനിലിന്റെ നേതൃത്വത്തില്‍ സലിംകുമാറിന്റെ വീട്ടില്‍നിന്നു രണ്ടു ഫൈബര്‍ വള്ളങ്ങളില്‍ രക്ഷപ്പെടുത്തിയത്. വെള്ളം ക്രമാതീതമായി ഉയരുന്നതു കണ്ടു സുരക്ഷിതത്വം തേടി സലിംകുമാറിന്റെ വീട്ടിലേക്ക് അയല്‍ക്കാര്‍ എത്തുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിക്കാത്ത വണ്ണം വെള്ളം ഉയര്‍ന്നതോടെ വീട്ടില്‍ നിന്നും കൂട്ടനിലവിളി ഉയര്‍ന്നു. ഇത് കേട്ട് എത്തിയതായിരുന്നു രക്ഷാപ്രവര്‍ത്തകര്‍.
രണ്ടാം നിലയുടെ ഓടു പതിച്ച പാരപ്പറ്റില്‍ കയറിനിന്ന് അവിടെയുണ്ടായിരുന്നവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണു സലിംകുമാറിന്റെ വീടാണെന്നു മനസ്സിലായത്. തോളില്‍ കയറ്റി അവിടെയുണ്ടായിരുന്ന എല്ലാവരെയും ബോട്ടില്‍ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.