പെരുമ്പാവൂര്‍: യൂണിഫോം മാറ്റി ഒറ്റ തോര്‍ത്ത് ഉടുത്ത് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ ടിഎം സൂഫിയാണ് ഇപ്പോള്‍ താരമാകുന്നത്. പദവികളും സ്ഥാനമാനങ്ങളും മറന്ന് പിടയുന്ന ജീവനുകള്‍ സംരക്ഷിക്കാന്‍ ഇറങ്ങി തിരിച്ചതിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്. നാനൂറോളം ജനങ്ങളെയാണ് മരണമുഖത്തു നിന്നും ഇദ്ദേഹം ജീവിതത്തിന്റെ കരയ്ക്കടുപ്പിച്ചത്.
തോര്‍ത്ത് ഉടുത്ത് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ഇദ്ദേഹം പോലീസ് ഉദ്യോഗസ്ഥനാണെന്ന് ജനം തിരിച്ചറിഞ്ഞത് പിന്നീടാണ്. പെരിയാര്‍ തീരത്ത് വാരപ്പെട്ടി ഇഞ്ചൂര്‍ മേഖലയിലാണ് ഇദ്ദേഹത്തിന്റെ വീട്. ചെറുപ്പം മുതല്‍ വെള്ളവുമായി ഏറെ പരിചയമുള്ളതിനാല്‍ പേടിയുണ്ടായിരുന്നില്ലെന്ന് സൂഫി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിലെ സൗകര്യത്തിനായി ഔദ്യോഗിക യുണിഫോം അഴിച്ചുവച്ചു. പെരുമ്പാവൂര്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനം തീര്‍ന്നപ്പോള്‍ കാലടി മേഖലയിലേക്കു പോയി.
വെള്ളപ്പൊക്കം രൂക്ഷമായ പ്രദേശമായിരുന്നു ഇത്. വഞ്ചിയില്‍ എത്താന്‍ കഴിയാത്ത പ്രദേശത്തായിരുന്നു രക്ഷാപ്രവര്‍ത്തനം. അകലെ വഞ്ചി നിര്‍ത്തി നീന്തിയെത്തിയാണ് ഓരോ വീടുകളിലും കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. ‘ഞങ്ങളെ പോലെയുള്ളവര്‍ യൂണിഫോമില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്താത്തതിനാല്‍ പോലീസ് സജീവമായില്ലെന്ന ആക്ഷേപം ചിലയിടത്ത് ഉയര്‍ന്നത് വിഷമമുണ്ടാക്കി.’ സൂഫി പറഞ്ഞു.