തിരുവനന്തപുരം: കേരളത്തിലെ പ്രളയബാധിത മേഖലയില്‍ വിതരണം ചെയ്യുന്നതിന് അനുവദിച്ച 89, 540 ടണ്‍ അരിക്ക് പണം വേണ്ടെന്ന് കേന്ദ്രം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്റെ ഓഫീസ് അറിയിച്ചു.
കേരളത്തിന് അനുവദിച്ച അരിക്ക് കിലോഗ്രാമിന് 25 രൂപ വീതം ഇടാക്കുമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനം വിവാദമായതോടെ അരിക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന് അറിയിച്ചു. അതേസമയം, കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞുവെങ്കിലും തിരുത്തല്‍ ഉത്തരവ് ലഭിച്ചില്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
കേന്ദ്രസഹായമായി ഒരു ലക്ഷം മെട്രിക് ടണ്‍ അരിയാണ് സംസ്ഥാനം ആവശ്യപ്പെട്ടതെങ്കിലും അനുവദിച്ചത് 89549 മെട്രിക് ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചത്. കേന്ദ്രസഹായം കാരണം സംസ്ഥാനത്ത് അരിവില ഉയരില്ലെന്ന നേട്ടം കൂടി സംസ്ഥാന സര്‍ക്കാര്‍ കണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രഭക്ഷ്യവകുപ്പിന്റെ ഉത്തരവ് എത്തിയത്. അരിവിലയും ഗതാഗത ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം. ഇപ്പോള്‍ പണം നല്‍കേണ്ടതില്ലെങ്കിലും പിന്നീട് പണം നല്‍കണം.
അല്ലാത്ത പക്ഷം കേരളത്തിന് അനുവദിച്ച വിഹിതത്തില്‍നിന്ന് വെട്ടിക്കുറയ്ക്കുമെന്നും ഭക്ഷ്യവകുപ്പ് സെക്രട്ടറിക്കു ലഭിച്ച ഉത്തരവില്‍ പറഞ്ഞിരിക്കുന്നു. ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന് വിവരം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. അദ്ദേഹം ഇക്കാര്യം ഉടന്‍ തന്നെ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനെ അറിയിച്ചു. ഇതിന് പിന്നാലെ അരി സൗജന്യമായി നല്‍കുമെന്ന് മന്ത്രി അറിയിക്കുകയായിരുന്നു.