മലയിന്‍കീഴ്: വളര്‍ത്തുനായയെ കാണാത്തതിന്റെ വിഷമത്തില്‍ പത്താംക്ലാസ്സുകാരി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു. മലയിന്‍കീഴ് ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി പി.വിഷ്ണു പ്രിയയാണ് കുട്ടു എന്ന വളര്‍ത്തുനായയെ കാണാത്തതിന്റെ വിഷമം പങ്കുവെച്ചത്. ഇപ്പോഴിതാ കുട്ടുവിനെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് വിഷ്ണുപ്രിയ.
‘ഇന്ന് ഞങ്ങളുടെ നായയെ കാണാതായി. അമ്മയോടൊപ്പം നടക്കാന്‍ ഇറങ്ങിയതാണ്. തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അവന് വഴിതെറ്റി ‘ എന്നായിരുന്നു ‘ കുട്ടു’ വിനെകാണാതായപ്പോള് വിഷ്ണുപ്രിയ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച സങ്കടം നിറഞ്ഞ വാക്കുകള്‍.
എന്നാല്‍ കളിയാക്കലുകളും മോശം വാക്കുകളുമായിരുന്നു കമന്റ് ബോക്സില്‍ നിറഞ്ഞത്. എന്നാല്‍ ഇതിലൊന്നും തളരാതെ ആ വിദ്യാര്‍ഥിനി അന്വേഷണം തുടര്‍ന്നു. ഒടുവില്‍ പ്രിയ കൂട്ടുകാരനെ കണ്ടെത്തി. അതിനു വഴിവച്ചതും ആ കുറിപ്പ് തന്നെയായിരുന്നു.
വിഷ്ണുപ്രിയയുടെ വലിയമ്മ വിളവൂര്‍ക്കല്‍ അശ്വതി ഭവനില്‍ പ്രീതയുടെ വീട്ടിലായിരുന്നു പോമറേനിയന്‍ ഇനത്തില്‍പെട്ട കുട്ടു. പ്രായാധിക്യം കാരണം നായയ്ക്ക് കാഴ്ച- കേള്‍വിക്കുറവ് ഉണ്ടായിരുന്നു. കുറിപ്പു കണ്ട വിഷ്ണുപ്രിയയുടെ സുഹൃത്ത് തന്റെ വീടിനടുത്ത് നായ അലഞ്ഞു തിരിയുന്നതായി അറിയിച്ചു. പോയി നോക്കിയപ്പോള്‍ കണ്ടത് ‘കുട്ടു’വിനെയായിരുന്നു.
വിഷ്ണുപ്രിയയെ കണ്ടതും കുട്ടുവിന് സ്നേഹം അണപൊട്ടി. അവള്‍ക്കൊപ്പം വീട്ടിലേക്ക് തിരിച്ചുവന്നു. താമസിയാതെ വിഷ്ണുപ്രിയ തന്നെ കളിയാക്കിയവര്‍ക്കു വേണ്ടി സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും കുറിപ്പിട്ടു. ‘ഇത്രയും നാളും സ്നേഹിച്ചിട്ടും ഒരു ദിവസം ഒന്നും അറിയാതെ ഇറങ്ങി പോകാന്‍ കുട്ടു മനുഷ്യനല്ല, പകരം ഒരു നേരത്തെ ഭക്ഷണം കൊടുത്താല്‍ ഒരു ജന്മം മുഴുവനും വാലാട്ടുന്ന നായയാണ്’ ! എന്നായിരുന്നു കുറിപ്പ്. ഇതിന് താഴെ സ്നേഹം നിറഞ്ഞ കമന്റുകളായിരുന്നു എത്തിയത്.