കാസര്‍കോട്: ബാറില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ മുപ്പത്തിയഞ്ചുകാരന്റെ ആക്രമണത്തില്‍ എസ്ഐ ഉള്‍പ്പെടെയുള്ള 4 പൊലീസുകാര്‍ക്ക് പരിക്ക്. കാസര്‍കോട് ജില്ലയിലാണ് സംഭവം. അക്രമം നടത്തിയ ബെദിര സ്വദേശിയായ മുന്നയെ (മുനീര്‍35) പൊലീസ് സാഹസികമായി പിടികൂടി. 10 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണു മുന്ന എന്നു പൊലീസ് പറഞ്ഞു.
മുന്നയുടെ ആക്രമണത്തില്‍ നെറ്റിയില്‍ മുറിവേറ്റ ടൗണ്‍ എസ്ഐ എം.വി.വിഷ്ണു പ്രസാദ് ഉള്‍പ്പെടെ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ വൈകിട്ട് 5ന് കാസര്‍കോട് ദേശീയപാതയോരത്തെ അണങ്കൂരിലുള്ള ബാര്‍ ഹോട്ടലിനു മുന്പിലാണു സംഭവം.
മദ്യ ലഹരിയില്‍ ബാറില്‍ ബഹളം വച്ച് അക്രമം നടത്തുകയാണെന്ന ബാര്‍ അധികൃതരുടെ പരാതിയെ തുടര്‍ന്നു പ്രതിയെ പിടികൂടാനായി ഫ്ലയിങ് സ്ക്വാഡിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.ബാബുരാജ്, കെ.സജിത്ത് എന്നിവരാണ് ആദ്യം എത്തിയത്.
also read: വ്യാപനശേഷി വളരെ വലുത്, ഒമിക്രോണിനെ നിസാരമായി കാണരുതെന്ന് ആരോഗ്യമന്ത്രി
എന്നാല്‍, പൊലീസിനു നേരെയും പ്രതി അക്രമം അഴിച്ചുവിട്ടു. തുടര്‍ന്ന് സമീപത്തെ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ടൗണ്‍ എസ്ഐ എം.വി. വിഷ്ണു പ്രസാദും ഡ്രൈവര്‍ സനീഷും എത്തി. എസ്ഐ എത്തിയിട്ടും അക്രമം തുടര്‍ന്ന പ്രതി സമീപത്തു നിര്‍ത്തിയിട്ടിരുന്ന കാറിന്റെ വൈപ്പര്‍ ഊരി എസ്ഐ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വീശി.
ഇതിന്റെ അറ്റം നെറ്റിയില്‍ കൊണ്ടാണ് എസ്ഐക്കു പരുക്കു പറ്റിയത്. എസ്ഐയും മറ്റു പൊലീസുകാരും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടും ബഹളം തുടര്‍ന്നു. ഒടുവില്‍ ഏറെ പണിപ്പെട്ടാണു സെല്ലിലേക്കു മാറ്റിയത്.