തിരുവനന്തപുരം: ഒമിക്രോണിനെ ആരും നിസാരമായി കാണരുതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വ്യാപനശേഷി വളരെ വലുതാണെന്നും എല്ലാവരും കരുതലോടെയിരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഗൃഹ പരിചരണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്കായി സംഘടിപ്പിച്ച പ്രത്യേക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരും കോവിഡിനെ ഭയക്കേണ്ടതില്ല എങ്കിലും കോവിഡ് ബാധിച്ചവര്‍ കരുതലോടെ ഏഴ് ദിവസം കഴിണമെന്ന് മന്ത്രി പറഞ്ഞു. എല്ലാവരും കൃത്യമായ ആരോഗ്യ നിരീക്ഷണം നടത്തണമെന്നും വീട്ടിലിരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ടെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
കടുത്ത രോഗലക്ഷണങ്ങളോ മൂന്ന് ദിവസത്തില്‍ കൂടുതലുള്ള പനിയോ ഉണ്ടെങ്കില്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ആശങ്കപ്പെടേണ്ടതില്ല. കൃത്യമായ നിരീക്ഷണം നടത്തിയാല്‍ ഏഴ് ദിവസത്തിനുള്ളില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് സെക്രട്ടറി രാജന് എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്. രാജു, കില എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, കെ.എസ്.ഐ.എച്ച്.എഫ്. ഡബ്ല്യു പ്രിന്‍സിപ്പല്‍ പ്രസന്ന കുമാരി എന്നിവര്‍ സംസാരിച്ചു. ഗൃഹപരിചരണം, പിന്തുണാ സഹായ സംവിധാനങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഡോ. ജിതേഷ്, ഡോ. അമര്‍ ഫെറ്റില്‍ എന്നിവര്‍ സംസാരിച്ചു.