തൃശൂര്‍: തൃശ്ശൂരില്‍ അഞ്ചു വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. അതിരപ്പിള്ളി കണ്ണന്‍കുഴിയിലാണ് സംഭവം. മാള പുത്തന്‍ചിറ സ്വദേശിനി ആഗ്നിമിയ (5) ആണ് കൊല്ലപ്പെട്ടത്. ആനയുടെ ആക്രമണത്തില്‍ കുട്ടിയുടെ അച്ഛന് നിഖിലിനും ബന്ധുവിനും പരിക്കേറ്റു.
ഇരുവരെയും ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം സന്ധ്യയ്ക്കായിരുന്നു സംഭവം. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിന് വേണ്ടിയാണ് ആഗ്നിമിയയും കുടുംബവും അതിരപ്പള്ളിയില്‍ എത്തിയത്. ഇവരുടെ വീടിന് സമീപത്ത് നിന്നും അല്പം മാറിയാണ് ഒറ്റയാനയെ കണ്ടത്.
ബൈക്കില്‍ വരികയായിരുന്ന നിഖിലും ഭാര്യ പിതാവ് ജയനും ആഗ്നിമിയയും ആനയെ കണ്ടതോടെ ബൈക്ക് നിര്‍ത്തി. ആന ഇവര്‍ക്ക് നേരെ തിരിഞ്ഞതോടെ മൂന്നുപേരും ചിതറിയോടി. ഓടുന്നതിനിടയില്‍ കുട്ടിയെ ആന ആക്രമിച്ചു.
തലയ്ക്ക് ചവിട്ടേറ്റ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അച്ഛന് നിഖിലിനും അപ്പൂപ്പന് ജയനും പരിക്കേറ്റു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.