കോഴിക്കോട്: കോഴിക്കോട് വിവാഹ ദിവസം രാവിലെ വധു ജീവനൊടുക്കിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. കളാണ്ടിതാഴം നങ്ങോലത്ത് വീട്ടില്‍ മേഘ (30) യാണ് കഴിഞ്ഞ ദിവസം കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
യുവതിയുടെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് അന്വേഷണം ആരംഭിച്ചതെന്ന് ചേവായൂര്‍ ഇന്‍സ്പെക്ടര്‍ പി. ചന്ദ്രമോഹന് പറഞ്ഞു. ‘എന്റെ കാര്യങ്ങളെല്ലാം അവനറിയാം… ഒപ്പം ജീവിക്കാന്‍ കഴിയില്ല… എന്റെ ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നത്..’ എന്നാണ് പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.
also read: ആരോഗ്യവാനായി ആശുപത്രി വിട്ട വാവ സുരേഷിന് സിപിഎം വീട് നിര്‍മ്മിച്ച് നല്‍കും; മന്ത്രി വിഎന്‍ വാസവന്
ഈ സാഹചര്യത്തിലാണ് കൂടുതല്‍ വ്യക്തത വരുത്താന്‍ അന്വേഷണം. വിവാഹ ദിവസം വെളുപ്പിന് ബ്യൂട്ടിഷ്യന് എത്തിയപ്പോള്‍ കുളിച്ചു വരാമെന്നു പറഞ്ഞ് മേഘ മുറിക്കകത്തു കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. വീട്ടുകാര്‍ വിളിച്ചിട്ട് വാതില്‍ തുറക്കാത്തതിനാല്‍ ശുചിമുറിയുടെ ജനല്‍ചില്ലു പൊട്ടിച്ചു നോക്കിയിട്ടും കണ്ടില്ല.
ഒടുവില്‍ മുറിയുടെ ജനല്‍ചില്ലു പൊട്ടിച്ചു നോക്കിയപ്പോള്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. ഉടന്‍ വാതില്‍ ചവിട്ടിത്തുറന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രാഥമിക അന്വേഷണത്തില്‍, തലേദിവസം വരെ വീട്ടില്‍ ഒരു പ്രശ്നവുമുണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു.
സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ഥിയാണ് മേഘ. യുവതി പഠിക്കുന്ന ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായാണ് വിവാഹം നിശ്ചയിച്ചത്. വിവാഹം വധൂഗൃഹത്തിലായതിനാല്‍ കല്യാണമണ്ഡപവും മറ്റു സൗകര്യങ്ങളും ഒരുക്കിയിരുന്നു.
യുവതിയുടെ മരണവാര്‍ത്ത കേട്ട ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും.