തേഞ്ഞിപ്പലം: മകന്റെ മാനസികോല്ലാസത്തിനായി പിതാവു വാങ്ങിച്ചുനല്‍കിയത് 2 കുതിരകള്‍. തേഞ്ഞിപ്പലം ചെനയ്ക്കലങ്ങാടി തൃക്കണ്ണൂര്‍ ശിവക്ഷേത്രത്തിനു സമീപം പൂണക്കാട്ടില് യൂനുസ് ആണ് മകന് മുഹമ്മദ് റിഹാന് (11) കുതിരകളെ സമ്മാനിച്ചത്. വാഹനാപകടത്തില്‍ പരുക്കേറ്റ് 3 മാസമായി ചികിത്സയിലൂടെ ജീവിതത്തിലേക്കു തിരികെ പിച്ചവയ്ക്കുന്ന മകന്റെ സന്തോഷത്തിനായാണ് യൂനുസ് കുതിരകളെ വാങ്ങി നല്‍കിയത്.
കഴിഞ്ഞ ഒക്ടോബര്‍ 5ന് ദീപാവലിക്ക് പടക്കം വാങ്ങി ചെനയ്ക്കലങ്ങാടിയില്നിന്ന് സൈക്കിളില്‍ വീട്ടിലേക്കു വരുമ്പോള്‍ റിഹാനെ വാഹനം ഇടിക്കുകയായിരുന്നു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിയിരുന്നു റിഹാന്.
also read: ആദ്യരാത്രി കഴിഞ്ഞ് ഭാര്യ വീട്ടില്‍ നിന്നും മുങ്ങി, യുവാവ് അറസ്റ്റില്‍
ഒരാഴ്ചയോളം കഴിഞ്ഞ് ആദ്യമായി കണ്ണുതുറന്ന് ചുണ്ടനക്കിയപ്പോള്‍ റിഹാന് ആവശ്യപ്പെട്ടത് തനിക്ക് കുതിരയെ വേണമെന്നായിരുന്നു. രോഗം ഭേദമായി വീട്ടില്‍ എത്തുമ്പോള്‍ കുതിര ഉണ്ടാകുമെന്ന് പിതാവ് അപ്പോള്‍ തന്നെ ഉറപ്പുനല്‍കി. ഒന്നല്ല, രണ്ട് കുതിരകളാണ് റിഹാന് ആഹ്ലാദം പകര്‍ന്ന് ഇപ്പോള്‍ വീട്ടിലുള്ളത്.
കുതിരകളുടെ ശബ്ദം കേള്‍ക്കുമ്പോള്‍ റിഹാന്റെ മുഖത്ത് തെളിയുന്ന സന്തോഷം കുടുംബത്തിന് ഒന്നാകെ ആഹ്ലാദം പകരുകയാണ്.9 മാസം പ്രായമുള്ള പെണ്‍കുതിരയാണ് മൂത്തത്. പേര് ഹലീഫ. 7 മാസമാണ് ആണ്‍കുതിരയ്ക്ക്. സുല്‍ത്താന്‍ എന്നാണു പേരിട്ടത്.
ഒരു ലക്ഷം രൂപയ്ക്കു വാങ്ങിയ കുതിരകള്‍ക്ക് ഭക്ഷണച്ചെലവ് ദിവസം 150 രൂപയാകുമെന്ന് യൂനുസ് പറയുന്നു. തേഞ്ഞിപ്പലം കൊളത്തോട് എയിംസ് പബ്ലിക് സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് റിഹാന്.