കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് ജീവിതത്തിലേക്ക് മടങ്ങുകയാണ്. ആരോഗ്യനിലയില്‍ നല്ല പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വാവാ സുരേഷുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫോണില്‍ സംസാരിച്ചു.
വാവ സുരേഷിന്റെ ആരോഗ്യനിലയെപ്പറ്റി മന്ത്രി ചോദിച്ചറിഞ്ഞു. അദ്ദേഹത്തെ നാളെ ഡിസ്ചാര്‍ജ് ചെയ്തേക്കും. തനിക്ക് മെഡിക്കല്‍ കോളേജില്‍ മികച്ച പരിചരണമൊരുക്കിയതിന് മന്ത്രിയോട് സുരേഷ് നന്ദി പറഞ്ഞു.
also read: അമ്മ ഉപേക്ഷിച്ചു പോയ പൊന്നുവിന് കൂട്ടായി ഇനി യാസര്‍, സുമനസ്സുകളുടെ സാന്നിധ്യത്തില്‍ വിവാഹം
തീവ്രപരിചരണ വിഭാഗത്തിനു സമീപത്തെ മുറിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വാവ സുരേഷിനു നേരിയ പനി ഒഴിച്ചാല്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് കുറിച്ചി കരിനാട്ടുകവലയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വാവ സുരേഷിന് വലതു കാല്‍മുട്ടിനു മുകളില്‍ കടിയേറ്റത്. ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.