കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളായ ദിലീപിന്റെയും സംഘത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച. വാദങ്ങള്‍ നാളെയും തുടരും. ദിലീപിനെതിരെ ശക്തമായ വാദങ്ങളാണ് ഇന്ന് പ്രോസിക്യൂഷന് കോടതിയില്‍ നടത്തിയത്.
നാളെ രാവിലെ 9.30നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. വാദപ്രതിവാദങ്ങള്‍ നാളെ തന്നെ പൂര്‍ത്തിയാക്കണമെന്ന് ഇരുഭാഗങ്ങളോടും കോടതി കര്‍ശനമായി നിര്‍ദേശിച്ചു. ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച്ച രാവിലെ 10.15ന് വിധി പറയുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
also read: അടിച്ചുമോനെ!, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി യുവതിക്ക് 44.75 കോടി രൂപ സമ്മാനം
തനിക്ക് കുറച്ചു കാര്യങ്ങള്‍ കൂടി പറയാനുണ്ടെന്ന് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് നാളെയും വാദങ്ങള്‍ കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കിയത്. അതേസമയം, പ്രതികള്‍ക്കു സംരക്ഷണ ഉത്തരവു നല്‍കിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്കിയാല് ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപെടുമെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാണിച്ചു.
ഈ പ്രതികള്‍ക്ക് മാത്രം എന്താണ് ഇത്രയും പ്രത്യേകതയെന്നും പ്രോസിക്യൂഷന് ചോദിച്ചു. ഉന്നതരായ ഇവര്‍ക്ക് ജാമ്യം നല്കിയാല് അന്വേഷണം അട്ടിമറിക്കുമെന്നും കേസിന്റെ അന്വേഷണവുമായി പ്രതികള്‍ നിസഹകരിക്കുകയാണെന്നും പ്രോസിക്യൂഷന് പറഞ്ഞു.