ചേര്‍ത്തല: സനേഹിച്ചാല്‍ യജമാനന് വേണ്ടി സ്വന്തം ജീവന് പോലും ത്യജിക്കുന്നവരാണ് വളര്‍ത്തുനായ്ക്കള്‍. അതുകൊണ്ടുതന്നെ വളര്‍ത്തുനായ്ക്കളെ വീട്ടിലെ ഒരംഗത്തെ പോലെ തന്നെയാണ് പലരും കാണുന്നത്. ഇപ്പോഴിതാ 13 വര്‍ഷത്തിലേറെ ഓമനിച്ചു വളര്‍ത്തിയ നായയ്ക്ക് കുടുംബാംഗത്തെപ്പോലെ ആചാരപ്രകാരം യാത്രാമൊഴിയേകിയിരിക്കുകയാണ് വീട്ടുകാര്‍.
ചേര്‍ത്തല മാടയ്ക്കലെ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന രമ പൈയുടെ വളര്‍ത്തുനായ ഡാനിയാണ് 29ന് രാത്രി മരിച്ചത്. മരണാനന്തര ചടങ്ങായി നായയുടെ ചിതാഭസ്മം കഴിഞ്ഞ ദിവസം ആലുവാപ്പുഴയില്‍ നിമജ്ജനം ചെയ്തു. മരിച്ചതിന്റെ പതിമൂന്നാം നാളില്‍ തെരുവുനായ്ക്കള്‍ക്കു ഭക്ഷണം നല്‍കാനുമാണ് കുടുംബത്തിന്റെ തീരുമാനം.
നായയെ ദഹിപ്പിച്ച സ്ഥലത്ത് പൂന്തോട്ടവും സ്മാരകവും നിര്‍മിക്കുമെന്ന് രമ പൈ പറഞ്ഞു. ചേര്‍ത്തല സ്വദേശിനിയായ രമ പൈ, ഭര്‍ത്താവ് വിനോദിനും മകന് വരുണിനും ഒപ്പം പുണെയിലാണ് വര്‍ഷങ്ങളായി താമസിച്ചിരുന്നത്. പുണെയില്‍ വച്ച് ഡാനിയെ വാങ്ങുമ്പോള്‍ അതിന് ഒരു വയസ്സായിരുന്നു. അവിടെ വീടിനുള്ളില്‍ കുടുംബാംഗത്തെപ്പോലെയാണ് കഴിഞ്ഞത്.
ഒരു വര്‍ഷം മുന്‍പ് ഡാനി രോഗബാധിതനായി കിടപ്പായി. 7 മാസം മുന്‍പ് കുടുംബം നാട്ടിലേക്കു പോരുമ്പോള്‍ ഡാനിയെയും കാറില്‍ ഇവിടെ എത്തിച്ചു. ഇവിടെ എല്ലാ പരിചരണങ്ങളും രമ പൈ നല്കി. കുടുംബം സ്വന്തമായി വാങ്ങിയ കടക്കരപ്പള്ളി ആലുങ്കലെ സ്ഥലത്ത് ആചാരപ്രകാരമാണ് സംസ്കാരം നടത്തിയത്.
ചന്ദനം, കര്‍പ്പൂരം, നെയ്യ്, രാമച്ചം, ചന്ദനത്തിരി, പൂമാല തുടങ്ങിയവയിട്ടാണ് ദഹിപ്പിച്ചത്. വരുണ്‍ ചിതയ്ക്ക് തീകൊളുത്തി. ജന്തുക്ഷേമ അവാര്‍ഡ് ജേതാവ് വയലാര്‍ സ്വദേശി കെ.കെ. സജീവ്,, ആലുങ്കല്‍ സ്വദേശി വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്രമീകരണം ചെയ്തത്. നാട്ടുകാരും സഹായത്തിന് എത്തിയിരുന്നു.