കൊച്ചി: മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കുന്നതിലേറെയും പഴകിയ മീനുകളെന്ന് പരാതി. വൈപ്പിനില്‍ പലയിടത്തും പഴകിയ മീനുകള്‍ വാങ്ങി പലരും പറ്റിക്കപ്പെട്ടതായി പരാതികള്‍ ഉയരുകയാണ്. വഴിയോരത്തു പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക കേന്ദ്രങ്ങള്‍ക്കു പുറമേ ചില സ്ഥിരം മാര്‍ക്കറ്റുകളിലും ഇത്തരം മീന്‍ വില്പനയ്ക്ക് എത്തുന്നുണ്ടെന്നാണു പരാതി.
ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തുന്നവരാണു പലപ്പോഴും കബളിപ്പിക്കലിന് ഇരയാകുന്നത്. ചീഞ്ഞളിഞ്ഞ മീന്‍ നല്കിയാലും മനസ്സിലാകില്ലെന്നതും തിരിച്ചെത്തി ബഹളമുണ്ടാക്കാന്‍ സാധ്യത കുറവാണെന്നതും മുതലാക്കിയാണു വന്‍വില ഈടാക്കി അകലെ നിന്നുള്ളവര്‍ക്കു മോശം മീന്‍ നല്‍കുന്നത്.
തെക്കന്‍ മേഖലയിലെ ഒരു മാര്‍ക്കറ്റില്‍ വ്യാപാരി വില്‍പനയ്ക്കെടുത്ത വെട്ടിത്തിളങ്ങുന്ന മീന്‍ അര മണിക്കൂര്‍ വെയിലത്ത് ഇരുന്നപ്പോഴേക്കും ചീത്തയായ സംഭവമുണ്ടായത് അടുത്തിടെയാണ് . ഇതര സംസ്ഥാനങ്ങളില്‍ നിന്നു മോശം മീന്‍ വന്‍തോതില്‍ എത്തുന്നതും പതിവാണ്.
സാധാരണക്കാരുടെ കീശ കാലിയാക്കുന്നതിനു പുറമേ ചീഞ്ഞ മീന്‍ കഴിക്കുന്നതു ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇടയാക്കും. പരാതികള്‍ വ്യാപകമായിട്ടും അധികൃതരുടെ ഭാഗത്തു നിന്നു പരിശോധന അടക്കമുള്ള നടപടി ഉണ്ടാകുന്നുമില്ല. സ്ഥിരമായി ചീഞ്ഞ മീന്‍ വില്ക്കുന്നതിനു കുപ്രസിദ്ധമായ കേന്ദ്രങ്ങളില്‍പോലും പരിശോധന ഉണ്ടാകുന്നില്ല.