അടൂര്‍: ആദ്യരാത്രി കഴിഞ്ഞ് വധുവിന്റെ സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങിയ നവവരന് അറസ്റ്റില്‍. അടൂരിലാണ് സംഭവം. കായംകുളം എം.എസ്.എച്ച്എസ്.എസിന് സമീപം തെക്കേടത്ത് തറയില്‍ അസറുദ്ദീന് റഷീദ് (30) ആണ് അറസ്റ്റിലായത്. വധുവിന്റെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
വിവാഹപ്പിറ്റേന്ന് പഴകുളം സ്വദേശിനിയുടെ വീട്ടില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണവും പണവുമായി മുങ്ങിയത്. ഇക്കഴിഞ്ഞ ജനുവരി 30ന് ആദിക്കാട്ടുകുളങ്ങര എസ്.എച്ച് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം മതാചാര പ്രകാരം നടന്നത്.
തുടര്‍ന്ന് ആദ്യരാത്രിക്കായി വരനും വധുവും വധുവിന്റെ വീട്ടിലെത്തി. 31ന് പുലര്‍ച്ചെ മൂന്നു മണിയോടെ സുഹൃത്തിന് ഒരു അപകടം പറ്റിയെന്നും താന്‍ ചെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകണമെന്നും പറഞ്ഞാണ് അസറുദ്ദീന് വധൂഗൃഹത്തില്‍ നിന്നും പോകുകയായിരുന്നു.
also read: ആശ്വസിക്കാം, കേരളത്തില്‍ കൊവിഡ് വ്യാപനത്തോത് കുറയുന്നതായി ആരോഗ്യമന്ത്രി
ഇയാള്‍ പോയിക്കഴിഞ്ഞ് മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫായി. തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വധുവിന്റെ 30 പവന്റെ ആഭരണങ്ങളില്‍ പകുതിയും വിവാഹത്തിന് നാട്ടുകാര്‍ സംഭാവന നല്കിയ 2.75 ലക്ഷം രൂപയും കാണാനില്ലെന്ന് മനസിലായി.
തുടര്‍ന്ന് വധുവിന്റെ പിതാവ് വരന്റെ വീട്ടുകാരെ വിവരം അറിയിച്ച ശേഷം, അടൂര്‍ പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് വിശ്വാസ വഞ്ചനക്ക് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു പൊലീസ് അന്വേഷണത്തില്‍ അസറുദ്ദീന് രണ്ട് വര്‍ഷം മുന്‍പ് ആലപ്പുഴ ചേപ്പാട് സ്വദേശിനിയെ വിവാഹം കഴിച്ചിട്ടുള്ളതായി പൊലീസിന് മനസ്സിലായി. പ്രതി ചേപ്പാടുള്ള ആദ്യ ഭാര്യയുടെ വീട്ടിലാണെന്നു മനസ്സിലാക്കിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.