കോട്ടയം: പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് അപകടനില തരണം ചെയ്തു വരുന്നെന്ന് മന്ത്രി വി.എന്‍ വാസവന്. വാവ സുരേഷ് കൈ കാലുകള്‍ അനക്കി തുടങ്ങിയിട്ടുണ്ടെന്നും വിളിക്കുമ്പോള്‍ പ്രതികരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അദ്ദേഹത്തിന്റെ ആരോഗ്യ നില പ്രതീക്ഷ നല്‍കുന്നുണ്ട്. ജീവന് രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടക്കുകയാണ്. വാവ സുരേഷിന് ഇതുവരെ സംഭവിച്ചതില്‍ വച്ച് ഏറ്റവും അപകടകരമായ കടിയാണ് ഏറ്റിരിക്കുന്നത്. ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന് ലഭ്യമാക്കാന്‍ കഴിയുന്ന എല്ലാവിധ ചികിത്സകളും വാവസുരേഷിന് നല്‍കുന്നുണ്ടെന്നും മന്ത്രി വി എന്‍ വാസവന് പറഞ്ഞു.
മൂര്‍ഖന്റെ കടിയേറ്റ വാവ സുരേഷ് കോട്ടയം മെഡിക്കല്‍ കോളേജിലാണ് ചികിത്സയില്‍ കഴിയുന്നത്. ഐസിയുവില്‍ 18 മണിക്കൂര്‍ പിന്നിടുമ്പോള്‍ സുരേഷിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍ അറിയിച്ചു.
ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയിലായിട്ടുണ്ട്. അദ്ദേഹം മരുന്നുകളോടും അന്വേഷണങ്ങളോടും പ്രതികരിച്ചു തുടങ്ങിയെന്നും ഡോ. ടി.കെ.ജയകുമാര്‍ വ്യക്തമാക്കി. കോട്ടയം കുറിച്ചിയില്‍ മൂര്‍ഖനെ പിടികൂടുന്നതിനിടെയാണ് വാവ സുരേഷിന് പാമ്പു കടിയേറ്റത്. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയിലാണ് കേരളക്കര.