തകര്‍ന്ന പ്രണയത്തിന്റെ ഓര്‍മ്മയ്ക്ക് റോഡരികില്‍ ബലൂണുകള്‍ കെട്ടിയ യുവാവ് വീണ്ടും രംഗത്ത്. അന്ന്, കാറ്റുപോയ പ്രണയത്തിന്റെ 666ാം ഓര്‍മദിവസം റോഡരികില്‍ 666 ചുവന്ന ‘ഹൃദയബലൂണുകള്’ കെട്ടിത്തൂക്കിയ യുവാവ് പ്രേമം പൊളിഞ്ഞതിന്റെ 777ാം ദിവസം 777 കിലോമീറ്റര്‍ ദൂരമാണ് ഓടിത്തീര്‍ത്തത്.
‘ക്ടാവ് ഓടിപ്പോയതിന്റെ ഓര്മ, ഓടിത്തന്നെ ആഘോഷിക്കാം’ എന്നായിരുന്നു യുവാവിന്റെ വാക്കുകള്‍. ‘തേപ്പ്, ലവ് അറ്റ് 777 കിലോമീറ്റര്‍’ എന്നെഴുതിവച്ച് കക്ഷി എടുത്ത സെല്‍ഫി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ കറങ്ങുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ 22നു തൃശൂര്‍ കുറ്റുമുക്ക് നെട്ടിശേരിയിലെ പാടത്തിന്റെ അരികിലെ റോഡിലാണ്, തനിയെ ശ്വാസം ഊതി നിറച്ച് 666 ചുവന്ന ബലൂണുകള്‍ യുവാവ് ഉയര്‍ത്തിയത്.
also read: കേരളത്തില്‍ ഇന്ന് 51,570 പേര്‍ക്ക് കോവിഡ്, 32,701 പേര്‍ക്ക് രോഗമുക്തി
അന്നത്തെ യുവാവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘ക്ടാവ് ബ്രേക്ക് അപ് ആയിപോയിട്ട് 666 ദിവസമായി. ഇത്രയും ദിവസം കാത്തിരുന്നു. അതിന്റെ ഓര്‍മയ്ക്കായിട്ട് അത്രയും ബലൂണ്‍ ഇരിക്കട്ടേ’. പ്രണയം വിട്ടുപോകുന്നവരെ വെടിവച്ചു കൊല്ലുന്ന ഇക്കാലത്ത് ചുവന്ന ഹൃദയം പോലുള്ള ബലൂണുകള്‍ ഉയര്‍ത്തി വികാരം പ്രകടിപ്പിച്ച യുവാവ് അന്ന് ഇത്രകൂടി പറഞ്ഞു.
‘പോയ ക്ടാവ് സന്തോഷമായി ജീവിക്കട്ടെ. നല്ലതു വരട്ടെ’. 666 ബലൂണുകള്‍ ഊതി നിറയ്ക്കാന്‍ അന്ന് മണിക്കൂറുകളെടുത്തു. ഇത്തവണ ദിവസങ്ങളെടുത്താണ് 777 കിലോമീറ്റര്‍ ഓടിയെത്തിയത്. യുവാക്കള്‍ ഈ ‘മധുര പ്രതികാര’ത്തെ ആഘോഷിക്കുകയാണ്. പ്രണയം ഇല്ലാതാവുന്നതോടെ ലോകം അവസാനിക്കുകയാണെന്ന് ആരാണു പറഞ്ഞതെന്നു ചിലര്‍ ചോദിക്കുന്നു. ‘അങ്ങ് പൊളിക്ക് ചുള്ളാ’ എന്നു പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നവരുമുണ്ട്.