പാലക്കാട്: 20കാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലാണ് സംഭവം. റെയില്‍വെ കോളനിക്ക് സമീപം സുബ്രഹ്മണ്യന് – ദേവകി ദമ്പതികളുടെ മകള്‍ ബീന (20)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.
കോളേജില്‍ പരീക്ഷാഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പാലക്കാട് എംഇഎസ് കോളെജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ബീന. ഫീസടയ്ക്കാനായി ബീനയുടെ അമ്മ കോളജിലെത്തിയെങ്കിലും അധികൃതര്‍ ഫീസ് വാങ്ങിയില്ല.
തങ്ങള്‍ക്ക് വാങ്ങാന്‍ കഴിയില്ലെന്നും സര്‍വകലാശാലയെ സമീപിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിലാണ് സഹോദരി തൂങ്ങിമരിച്ചതെന്ന് സഹോദരന് ബിജു പറഞ്ഞു.