കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ ബെംഗളൂരുവില്‍ കണ്ടെത്തുകയും ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെയാണ് കാണാതായത്.
സഹോദരിമാരടക്കമുള്ള ആറ് പെണ്‍കുട്ടികള്‍ക്ക് രക്ഷപ്പെടാന്‍ ബാഹ്യ സഹായം ലഭിച്ചതായി പൊലീസ് പറയുന്നു. മടിവാളയിലെ ഹോട്ടലില്‍ വെച്ചാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. ഒരാളെ മാത്രമാണ് പൊലീസിന് കസ്റ്റഡിയില്‍ ലഭിച്ചത്. മറ്റ് അഞ്ച് പേരും ഓടി രക്ഷപ്പെടുകയായിരുന്നു. ഹോട്ടലില്‍ മുറിയെടുക്കാനെത്തിയതാണ് പെണ്‍കുട്ടികള്‍.
അതില്‍ ഒരാളെ ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മുറിയെടുക്കുന്നതിനായി കുട്ടികളില്‍ നിന്നും ജീവനക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചു. എന്നാല്‍ അതൊന്നും കൈയ്യില്‍ ഉണ്ടായിരുന്നില്ല. ഈ സമയത്ത് ഇവര്‍ക്കൊപ്പം രണ്ട് യുവാക്കളും ഉണ്ടായിരുന്നു.
ഇവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. തൃശ്ശൂര്‍, കൊല്ലം സ്വദേശികളാണ് കസ്റ്റഡിയിലുള്ള യുവാക്കള്‍ എന്നാണ് വിവരം. മടിവാളയില്‍ കണ്ടെത്തിയ പെണ്‍കുട്ടികള്‍ കോഴിക്കോട് നിന്നും കാണാതായ കുട്ടികള്‍ തന്നെയാണിതെന്നാണ് മടിവാള പൊലീസ് പറയുന്നു.