കോഴിക്കോട്: കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായി. വെള്ളിമാട് കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നാണ് ആറ് പെണ്‍കുട്ടികളെ കാണാതായത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ഇന്നലെ വൈകീട്ടോടെയാണ് കുട്ടികളെ കാണാതായ വിവരം പുറത്തറിഞ്ഞത്. സഹോദരിമാര്‍ ഉള്‍പ്പെടുന്ന ആറു കുട്ടികളെയാണ് കാണാതായത്. അടുക്കളയുടെ ഭാഗത്തെ മതിലില്‍ ഏണി ചാരിയാണ് ഇവര്‍ പുറത്തേക്ക് കടന്നതെന്നാണ് വിവരം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു നേരത്തെ ഇവരെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്.
also read: ടിക്കറ്റ് മെഷീന് പൊട്ടിത്തെറിച്ചു, കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് പരിക്ക്
കോഴിക്കോട് ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന് റിപ്പോര്‍ട്ട് തേടി. ജില്ലാ ബാലാവകാശ സംരക്ഷണ ഓഫീസര്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന് നിര്‍ദ്ദേശം നല്കി. കമ്മീഷന് അംഗം ബി ബബിത ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിക്കും. പെണ്‍കുട്ടികള്‍ സമീപ പ്രദേശങ്ങളില്‍ തന്നെയുണ്ടെന്നാണ് പ്രാഥമിക വിവരം.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.