കൊല്ലത്ത് വനിതാ സുഹൃത്തുക്കളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കി സൈനികന്. സംഭവത്തില്‍ സൈനികന് കരുനാഗപ്പളളി വവ്വാക്കാവ് ഭഗവതിമുക്ക് സ്വദേശി സന്ദീപിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഒരു ലക്ഷം രൂപയ്ക്കാണ് സൈനികന്റെ ക്വട്ടേഷന്‍. ക്വട്ടേഷന്‍ ഏറ്റെടുത്ത നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ ഏഴു പേരെ കൊല്ലം കരുനാഗപ്പളളി പൊലീസ് അറസ്റ്റ് ചെയ്തു. പത്തംഗ ക്വട്ടേഷന്‍ സംഘത്തിലെ ഏഴുപേരാണ് അറസ്റ്റിലായത്. കഴിഞ്ഞ 23 ന് ഉച്ചയ്ക്ക് ശേഷം കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശി വെള്ളാമ്പല്‍ വീട്ടില്‍ അമ്പാടിയെ ഈ ക്വട്ടേഷന്‍ സംഘം ആക്രമിച്ചു.
also read: ‘അറസ്റ്റാവാം, നടിയെ ആക്രമിച്ച കേസില്‍ നാളെ എട്ട് മണിക്ക് മുമ്പ് നിര്‍ണ്ണായക നീക്കം’
വീട്ടില്‍ നിന്ന് വിളിച്ചിറക്കി മാരാകായുധങ്ങളുമായി വെട്ടി കൊലപ്പെടുത്താനായിരുന്നു ശ്രമം. വനിതാ സുഹൃത്തുക്കള്‍ സമൂഹമാധ്യമം വഴിയാണ് അമ്പാടിയെക്കുറിച്ചുളള വിവരങ്ങള്‍ സൈനികന് കൈമാറിയത്. ആക്രമണ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.
കുലശേഖരപുരം, തഴവ, വവ്വാക്കാവ്, ചങ്ങന്‍കുളങ്ങര, തൊടിയൂര്‍ പ്രദേശങ്ങളിലുളളവരാണ് പ്രതികള്‍. വിഷ്ണു, ആലി ഉമ്മര്‍ , മണി, നബീല്‍, ഗോകുല്‍ ,ചന്തു, മുഹമ്മദ് ഫൈസല്‍ ഖാന് എന്നിവരെ കരുനാഗപ്പള്ളി കായംകുളം , ചേര്‍ത്തല എന്നിവിടങ്ങളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.