കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന് ബാലചന്ദ്രകുമാര്‍ ഓഡിയോ ക്ലിപ്പ് നല്‍കിയിരുന്നു. ഇതിലെ ശബ്ദം ദിലീപിന്റേത് തന്നെയെന്ന് സംവിധായകന് റാഫി തിരിച്ചറിഞ്ഞു. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് റാഫിയ്ക്ക് ശബ്ദം കേള്‍പ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് അന്വേഷണസംഘം റാഫിയെ ചോദ്യം ചെയ്യല്‍ നടക്കുന്ന ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. ബാലചന്ദ്ര കുമാര്‍ നല്കിയ ശബ്ദ സാമ്പിളില്‍ നിന്ന് ദിലീപിന്റെ ശബ്ദം റാഫി തിരിച്ചറിഞ്ഞിട്ടുണ്ട്. എസ്പിയുടെ ക്യാബിനില്‍ വച്ച് എല്ലാ ശബ്ദരേഖയും പ്രതികളെ കേള്‍പ്പിച്ചിരുന്നു.
ഇവരുടെ ശബ്ദം തന്നെയാണോ ഇതിലുള്ളതെന്നും ആരാഞ്ഞു. ഇതിനുശേഷമാണ് തിരിച്ചറിയാന്‍ ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തിയത്. മറ്റു പ്രതികളുടെ ശബ്ദം തിരിച്ചറിയാന്‍ ഇവരുടെ അടുത്ത സുഹൃത്തുക്കളെ ക്രൈംബ്രാഞ്ച് ഇന്ന് വിളിച്ചു വരുത്തും.
പ്രതികളുടെ ഒരു വര്‍ഷത്തെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ചെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ തവണ വിളിച്ചവരെ വിളിച്ചു വരുത്തും. ഇവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അതിനിടെ, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ തുടര്‍ച്ചയായ മൂന്നാം ദിവസവും അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്.