കടുത്തുരുത്തി: വീട്ടിലേക്കുള്ള വഴി മറന്നുപോയ ലക്ഷ്മിയമ്മയ്ക്ക് വഴികാട്ടിയായി കൊച്ചുകുട്ടികള്‍. മാഞ്ഞൂര്‍ ഇരവിമംഗലത്ത് താമസിക്കുന്ന ആശാരിപ്പറമ്പില്‍ ലക്ഷ്മിയമ്മയെയാണ് (80) കൊച്ചുകുട്ടികളുടെ സമയോചിതമായി ഇടപെടലിലൂടെ വീട്ടിലെത്തിയത്.
നോഹല്‍ ജോര്‍ജ്, (16), അല്‍ഫോന്‍സ് ജേക്കബ് സജി (12), ആഷിന് തോമസ് (12), നിവേദ് ജി.വിനോദ് (10) എന്നിവരാണ് ലക്ഷ്മിയമ്മയ്ക്ക് തുണയായത്. വ്യാഴാഴ്ച വൈകിട്ട് 6.45നാണു സംഭവം. ഓര്‍മക്കുറവുള്ള ലക്ഷ്മിയമ്മ ഇരവിമംഗലത്തു നിന്നു വഴി തെറ്റി പാലകര ജംക്ഷനില്‍ എത്തി.
സമീപത്തെ പുരയിടത്തില്‍ നിന്നു കളി കഴിഞ്ഞു വരികയായിരുന്ന കുട്ടികള്‍ വിഷമിച്ചുനില്‍ക്കുന്ന ലക്ഷ്മിയമ്മയെ കാണുകയായിരുന്നു. വീട്ടിലേക്കുള്ള വഴി ഏതാണു മക്കളേയെന്ന് ലക്ഷ്മിയമ്മ കുട്ടികളോടു ചോദിച്ചു. നടക്കാന്‍ കഴിയില്ലെന്നും കിടക്കണമെന്നും പറഞ്ഞു.
also read: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു, 59കാരന് ദാരുണാന്ത്യം
കുട്ടികള്‍ സമീപത്തെ വീട്ടില്‍ പോയി ഫോണ്‍ വാങ്ങി കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചു. സമീപമുള്ള അല്‍ഫോന്‍സിന്റെ വീട്ടിലും വിവരം പറഞ്ഞു. സ്ഥലത്ത് എത്തിയ അല്‍ഫോന്‍സിന്റെ പിതാവ് ഞീഴൂര്‍ സെന്റ് ജോസഫ് എല്‍പി സ്കൂളിലെ ഹെഡ്മാസ്റ്റര് കൂടിയായ സജി വിവരം പഞ്ചായത്തംഗം ഷീജ സജിയെ അറിയിച്ചു.
പഞ്ചായത്തംഗവും പൊലീസും ലക്ഷ്മിയമ്മയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മാഞ്ഞൂര്‍ പഞ്ചായത്ത് അംഗം പ്രത്യുക്ഷ സുരയെ വിളിച്ചു വിവരം കൈമാറി. ലക്ഷ്മിയമ്മയെ കാണാതെ തിരച്ചിലിലായിരുന്നു അയല്‍വാസികള്‍. പ്രത്യുക്ഷ സുര വാഹനത്തില്‍ പാലകരയിലെത്തി ലക്ഷ്മിയമ്മയെ കൂട്ടിക്കൊണ്ടുപോയി.
ഇവരെ ബന്ധുവിന്റെ വീട്ടില്‍ എത്തിച്ചു. ലക്ഷ്മിയമ്മ തനിച്ചാണു താമസം. മകള്‍ കുടുംബവുമൊത്തു ചങ്ങനാശരിയിലാണ്. മകളുടെ വീട്ടിലേക്ക് പോവുകയാണെന്നു പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്.