കൊല്ലം: കൊല്ലം സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ നിര്‍ണായക തെളിവായി ഫോണ്‍ സംഭാഷണങ്ങള്‍. ഭര്‍ത്താവ് കിരണിന്റെ ഫോണ്‍ സംഭാഷണങ്ങളാണ് പ്രോസിക്യൂഷന് വിചാരണ കോടതിയില്‍ ഹാജരാക്കിയത്. സ്ത്രീധനത്തിനു വേണ്ടി കിരണ്‍ വിസ്മയയെ ആസൂത്രിതമായി പീഡിപ്പിക്കുകയായിരുന്നുവെന്ന വാദത്തിനു തെളിവാണിത്.
”സ്ത്രീധനത്തിന്റെ ആരോപണം വന്നാല്‍ വിസ്മയയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടായിരുന്നു എന്ന കഥ അടിച്ചിറക്കാം” എന്ന് ഭര്‍ത്താവ് കിരണ്‍ സഹോദരീ ഭര്‍ത്താവ് മുകേഷിനോട് ഫോണില്‍ പറയുന്ന സംഭാഷണമാണ് പ്രോസിക്യൂഷന് വിചാരണ കോടതിയില്‍ ഹാജരാക്കിയത്.
കിരണിന്റെ ഫോണിന്റെ ശാസ്ത്രീയ പരിശോധനയില്‍ ലഭിച്ച സംഭാഷണങ്ങളാണ് കേസില്‍ നിര്‍ണായകമാകുന്നത്. വിസ്മയയുടെ അമ്മ സജിത വി നായരെ വിചാരണ കോടതിയില്‍ വിസ്തരിക്കുമ്പോഴാണ് പ്രോസിക്യൂഷന് ഫോണ്‍ രേഖകള്‍ ഹാജരാക്കിയത്. കൊടുക്കാമെന്നുപറഞ്ഞ സ്ത്രീധനം നല്കിയാല് പ്രശ്നങ്ങളെല്ലാം തീരുമെന്ന് കിരണിന്റെ അച്ഛന് പറഞ്ഞതായി വിസ്മയയുടെ അമ്മ സാക്ഷിമൊഴി നല്കി.
സ്വര്‍ണം ലോക്കറില്‍ വെക്കാന്‍ ചെന്നപ്പോള്‍ പറഞ്ഞ അളവിലില്ല എന്നുപറഞ്ഞാണ് ഉപദ്രവം തുടങ്ങിയതെന്നും സ്ത്രീധനം കൊടുത്താല്‍ പ്രശ്നങ്ങള്‍ തീരുമെന്ന പ്രതീക്ഷയിലാണ് അവളോട് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ പറഞ്ഞതെന്നും അമ്മ മൊഴിനല്‍കി.