ആലപ്പുഴ: പലചരക്കു കച്ചവടക്കാരനെ തേടിയെത്തി ഭാഗ്യദേവത. സ്ത്രീശക്തി ഭാഗ്യക്കുറിയിലെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് ആലപ്പുഴ ജില്ലയിലെ മായിത്തറ പ്ലാക്കുഴിയില്‍ ജയന് ലഭിച്ചത്. ലോട്ടറി വില്പനക്കാരനായ മരുത്തോര്‍വട്ടം പള്ളിക്കവല സ്വദേശി രാജന്റെ (55) കൈയ്യില്‍ നിന്നുമെടുത്ത ടിക്കറ്റിനാണ് സമ്മാനം.
ചേര്‍ത്തല സെയ്ന്റ് മൈക്കിള്‍സ് കോളേജിനു സമീപം കച്ചവടം നടത്തുന്ന ജയന് സ്ഥിരമായി ഭാഗ്യക്കുറി എടുക്കുന്നയാളാണ്. സാധാരണ ജയന്റെ വീട്ടിലോ കടയിലോ എത്തിയാണ് രാജന് ടിക്കറ്റ് നല്‍കുന്നത്. ചൊവ്വാഴ്ച ജയനെ അന്വേഷിച്ചു രണ്ടുതവണ ചെന്നെങ്കിലും കണ്ടില്ല.
പിന്നീട് അന്വേഷിച്ചപ്പോള്‍ മായിത്തറയില്‍ ഫോണ്‍ റീ ചാര്‍ജു ചെയ്യാന്‍ പോയതായി അറിഞ്ഞു. ഉടന്‍ തന്നെ ജയനെ തേടി രാജന് മായിത്തറയിലേക്ക് സൈക്കിള്‍ വിട്ടു. ജുവനൈല്‍ ഹോമിനു സമീപത്ത് വെച്ച് ജയനെ കണ്ടപ്പോള്‍ ടിക്കറ്റ് കൈമാറി.
കെട്ടിടനിര്‍മാണത്തൊഴിലാളിയായിരുന്ന രാജന് ഹൃദ്രോഗം വന്നപ്പോഴാണ് രണ്ടുവര്‍ഷം മുന്‍പ് ലോട്ടറി വില്പന തുടങ്ങിയത്. ഹൃദയ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍ ഉപദേശിച്ചെങ്കിലും പണമില്ലാത്തതിനാല്‍ ചെയ്തിരുന്നില്ല. കമ്മിഷന് തുക കിട്ടുമ്പോള്‍ ഇതു ചെയ്യാനാകുമെന്നാണ് രാജന്റെ പ്രതീക്ഷ. ജയന്റെ ഭാര്യ വത്സല കര്‍ഷകത്തൊഴിലാളിയാണ്.