ചാലക്കുടി: സ്കൂള്‍ മൈതാനത്ത് ചുഴലിക്കാറ്റ്. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്താണ് 30 സെക്കന്‍ഡ് ചുഴലിക്കാറ്റുണ്ടായത്. കുപ്പി തുറന്ന് ഭൂതം വരുന്നതു പോലെ കറങ്ങിക്കറങ്ങിയാണ് ചുഴലിക്കാറ്റ് വന്നതെന്ന് മൈതാനത്തുണ്ടായിരുന്ന ഒരാള്‍ പറയുന്നു.
കാഴിഞ്ഞ ദിവസം 3.15നാണ് സംഭവം. ഈ സമയത്തു മൈതാനത്തുണ്ടായിരുന്ന 20 പേര് ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. കാഴ്ച കണ്ട് എല്ലാവരും നടുങ്ങി. ”ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കെ മൈതാനത്തിന്റെ നടുക്ക് ഒരനക്കം കേട്ടു. പെട്ടെന്ന് കുപ്പി തുറന്ന് ഭൂതം വരുന്നതു പോലെ കറങ്ങിക്കറങ്ങി ചുഴലിക്കാറ്റ് വന്നു. നാലാള് പൊക്കത്തില്‍ ഉയര്‍ന്നു ശക്തമായി കറങ്ങിക്കൊണ്ടിരിക്കെ പെട്ടെന്ന് അപ്രത്യക്ഷമാകുകയും ചെയ്തു’ – ദൃക്സാക്ഷി ബിജേഷ് ബാബു പറയുന്നു.
ഈ പ്രതിഭാസത്തിന്റെ കാരണം വ്യക്തമല്ലെന്നു തഹസില്‍ദാര്‍ ഇ.എന്‍. രാജു അറിയിച്ചു. സംഭവം ജില്ലാ ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിഭാഗത്തിന്റെ സാങ്കേതിക വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.