പാലക്കാട്: പുലിക്കുഞ്ഞുമായി ഏറെ നേരം കാത്തിരുന്നിട്ടും അമ്മപ്പുലി എത്താതിന്റെ വിഷമത്തില്‍ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും. പാലക്കാട് ജില്ലയിലെ ഉമ്മിനിയില്‍ ആളൊഴിഞ്ഞ വീട്ടിലാണ് രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഒരെണ്ണത്തിനെ അമ്മപ്പുലി കൊണ്ടു പോയെങ്കിലും ഒരു കുഞ്ഞ് ഇപ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൈയ്യിലാണ്.
കഴിഞ്ഞ ദിവസവും പുലിക്കുഞ്ഞുമായി സ്ഥലത്ത് അധികൃതര്‍ വന്നെങ്കിലും അമ്മപ്പുലിയെ കണ്ടെത്താനായില്ല. പുലിക്കുഞ്ഞുങ്ങളെ കൂട്ടില്‍ വെച്ച് അമ്മപ്പുലിയെ കൂട്ടിലേക്ക് ആകര്‍ഷിച്ച് പിടികൂടി കുഞ്ഞുങ്ങളെയും പുലിയെയും കാട്ടിലേക്ക് തുറന്നു വിടുക, അല്ലെങ്കില്‍ പുലിക്കുഞ്ഞുങ്ങളെ അമ്മപ്പുലി കൊണ്ടു പോവാന്‍ അവസരമൊരുക്കുക എന്നീ പദ്ധതികളായിരുന്നു വനം വകുപ്പിനുണ്ടായിരുന്നത്.
എന്നാലിത് രണ്ടും പാളി. അമ്മപ്പുലിയെ പിടികൂടാനായില്ല. കുഞ്ഞുങ്ങളെ കണ്ട പുലി കൂട്ടില്‍ കയറാതെ അവയിലൊന്നിനെ കൈ കൊണ്ട് നീക്കിയെടുത്ത് സ്ഥലം വിട്ടു. രണ്ടാമത്തെ കുഞ്ഞ് ബാക്കിയായി. ഇതിനെ കൊണ്ടു പോവാന്‍ പുലിയെത്തിയില്ല. സ്ഥലത്തെ ബഹളവും മറ്റും കണ്ട് പുലി വീണ്ടും വരാഞ്ഞതാണെന്നാണ് വിലയിരുത്തല്‍.
ഇന്നലെ കുഞ്ഞുമായി വീണ്ടും സ്ഥലത്ത് കൂട് വെച്ചെങ്കിലും അമ്മപ്പുലി എത്തിയില്ല. പതിനഞ്ച് ദിവസത്തോളം പ്രായമുള്ള പുലിക്കുഞ്ഞാണ് നിലവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പക്കലുള്ളത്. അമ്മപ്പുലിയെ സാന്നിധ്യം വേണ്ട ഇതിനെ പരിപാലിക്കുകയെന്നതിലും ആശങ്കയുണ്ട്. ആട്ടിന്‍പാലും മരുന്നുകളുമായിരുന്നു പുലിക്കുഞ്ഞുങ്ങള്‍ക്ക് കണ്ടെത്തിയ അന്ന് മുതല്‍ നല്‍കിയിരുന്നത്. അമ്മപ്പുലി വീണ്ടും തന്റെ കുഞ്ഞിനെ തേടി വരുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.