കണ്ണൂര്‍: ഓഫീസിലെത്തുന്ന അപേക്ഷകരെ ചൂടുചായയും പലഹാരവും നല്കി അതിഥികളെ പോലെ വരവേറ്റ് പിണറായി ഗ്രാമപഞ്ചായത്ത്. അപേക്ഷകരെ സ്വീകരിച്ച് ഇരുത്തി ചായയും പലഹാരവും നല്കുന്ന പദ്ധതി പുതുവര്‍ഷത്തിലാണ് ആരംഭിച്ചത്.
‘ഹാവ് എ ബ്രേക്ക്, ഹാവ് എ ടീ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതി ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു. പഞ്ചായത്ത് ഓഫീസിലെത്തുന്ന എല്ലാവര്ക്കും ചായയും പലഹാരവും നല്‍കുകയെന്ന ഭരണസമിതിയുടെ ആശയത്തിന് നാട്ടില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്.
also read: കരുതല്‍ ഡോസ് കോവിഡ് വാക്സിനേഷന് നാളെ മുതല്‍, ബുക്കിങ് ഇങ്ങന
കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഒഴികയുള്ള സേവനങ്ങള്‍ പരമാവധി രണ്ട് ദിവസത്തിനകം നല്‍കണമെന്ന തീരുമാനം ഭരണസമിതി കൈക്കൊണ്ടിരുന്നു. പലതും അതത് ദിവസം തന്നെ നല്‍കാനും പഞ്ചായത്ത് ശ്രദ്ധിക്കുന്നു. ഇങ്ങനെ വരുമ്പോള്‍ സേവനങ്ങള്‍ക്ക് പഞ്ചായത്തിലെത്തുന്നവര്‍ കുറച്ച് സമയം കാത്തിരിക്കേണ്ടി വരും.
ഈ സാഹചര്യത്തിലാണ് സേവനങ്ങള്‍ക്കായി കാത്തിരിക്കുന്നവര്‍ക്ക് ചായയും പലഹാരവും നല്‍കുകയെന്ന ആശയം രൂപപ്പെട്ടതെന്ന് പ്രസിഡണ്ട് കെ കെ രാജീവന് പറഞ്ഞു. ഒരു ദിവസം ശരാശരി 60നും 70 നും ഇടയിലാളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്തിലെത്തുന്നുണ്ട്. ഇവര്‍ക്കെല്ലാം പുതുവര്‍ഷം മുതല്‍ ചായയും പലഹാരവും നല്കുന്നു.
പദ്ധതിയുടെ ചെലവിലേക്ക് പണം സ്വരൂപിക്കുന്നതിനും വേറിട്ട മാര്‍ഗമാണ് സ്വീകരിച്ചിട്ടുള്ളത്. ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും കുടുംബങ്ങളിലെ സന്തോഷം ജനങ്ങളുമായി പങ്കിടുന്നതാണ് ഇതിന്റെ കാഴ്ചപ്പാട്. ഇവരുടെ കുടുംബങ്ങളിലെ വിശേഷാവസരങ്ങളുടെ ഭാഗമായി ഒരാഴ്ചയിലെയോ അതിലധികമോ ദിവസത്തെയോ ചായയുടെയും പലഹാരത്തിന്റെയും ചെലവ് ബന്ധപ്പെട്ടവര്‍ സ്പോണ്സര് ചെയ്യുന്നു.