കൊച്ചി; നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ നടന് ദിലീപിന് എഴുതിയ കത്ത് പുറത്ത്. നടിയെ ആക്രമിച്ചതിന് പിന്നില്‍ ദിലീപാണെന്ന് വ്യക്തമായി കത്തില്‍ എഴുതിയിട്ടുണ്ട്. പള്‍സര്‍ സുനി തന്റെ അമ്മയെ ഏല്‍പ്പിച്ച കത്താണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളാണ് കത്തില്‍ ഉന്നയിക്കുന്നത്. 2018 മെയ് മാസത്തില്‍ എഴുതിയ കത്താണിത്. പള്‍സര്‍ സുനി ഈ ഈ കത്ത് തന്റെ അമ്മയ്ക്ക് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തു വിടണമെന്ന് അമ്മയോട് പള്‍സര്‍ സുനി പറഞ്ഞിരുന്നു.
ഈ കത്താണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കേസില്‍ തന്നെ കുടുക്കിയാല്‍ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പുറത്തറിയിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്. പ്രതികളെയും സാക്ഷികളെയും എല്ലാം വിലയ്ക്കെടുത്താലും സത്യം അറിയാവുന്നവര്‍ എല്ലാം എന്നും മൂടി വെക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്നും കത്തില്‍ പറയുന്നു.
കത്തിലെ വാക്കുകള്‍
‘എനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല. കാരണം താന്‍ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അത് എനിക്ക് വേണ്ടിയല്ല എന്നെങ്കിലും ഓര്‍ക്കണം. മൂന്ന് വര്‍ഷം മുമ്പ് പറഞ്ഞ കാര്യം പുറത്ത് പറഞ്ഞാല്‍ ജനം ആരാധിക്കുകയില്ല. തല്ലിക്കൊല്ലും. സ്വന്തം കുഴി ചേട്ടന് തന്നെ തോണ്ടിയതല്ലേ,’ കത്തില്‍ പറയുന്നു. ‘യജമാനന് നായയെ പോറ്റുന്നത് വിശ്വസ്തനായ കാവല്‍ക്കാരനായതിനാലാണ്. യജമാനനോടുള്ള സ്ഹേനഹത്താല്‍ മുരളുകയും കുരക്കുകയും ചെയ്യും. പക്ഷെ അതിനെക്കൊണ്ട് ഇനി ആവശ്യമില്ലെന്ന് കണ്ടാല്‍ ഒന്നിനും പറ്റില്ലെന്ന് കണ്ടാല്‍ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ഇതറിയാവുന്ന ഞാന്‍ എല്ലാം കോടതിയില്‍ തുറന്ന് പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിച്ച് തീര്‍ക്കാം,’ കത്തില്‍ പറയുന്നു.