പ്രിയപ്പെട്ട വളര്‍ത്തുപൂച്ച വിടവാങ്ങിയതിന്റെ വേദനയില്‍ ഒരു കുടുംബം. പുല്ലൂര്‍ അമ്പലനടയില്‍ തെമ്മായത്ത് ഷാജിയുടെയും ഭാര്യ ബിന്ദുവിന്റെയും മകള്‍ ആതിരയുടെയും പ്രിയപ്പെട്ട പുരുഷു ഇന്ന് പുലര്‍ച്ചയോടെയാണ് ചത്തത്. വീട്ടിലെ ഒരു അംഗത്തെ പോലെയായിരുന്നു ഷാജിയും ഭാര്യയും മകളും പുരുഷുവിനെ കണ്ടിരുന്നത്.
ഏഴ് വര്‍ഷത്തോളമായി തളര്‍ന്ന് കിടക്കുകയായിരുന്നു പുരുഷു പൂച്ച. കഴിഞ്ഞ ഒരാഴ്ച്ചയായി അവശനായിരുന്നതിനാല്‍ ഡോക്ടര്‍മാരെ കണിച്ച് ചികിത്സ നടത്തുന്നുണ്ടായിരുന്നു. തൃശ്ശൂര്‍ മൃഗാശുപത്രിയില്‍ കൊണ്ട് പോയെങ്കില്ലും മരണം സ്ഥിരികരിച്ചു.
2014 ഡിസംബറിലാണ് ബിന്ദുവിന്റെ വീട്ടില്‍ മൂന്ന് പൂച്ചകള്‍ ജനിച്ചത്. രണ്ടെണ്ണം വൈകാതെ ചത്തുപോയി. പ്രത്യക പരിചരണം നല്‍കിയാണ് മൂന്നാമനെ രക്ഷിച്ചെടുത്തത്. പൂച്ചക്കുഞ്ഞിന് ‘പുരുഷു’ എന്ന് പേരിട്ടു. ബിന്ദുവിന് അവന് ‘പൊന്നു’ ആയിരുന്നു. മറ്റ് പൂച്ചക്കുട്ടികളെപ്പോലെയായിരുന്നില്ല പുരുഷു.
അധികം നടക്കാനാവില്ല. ഒരല്പം നടക്കുമ്പോഴേക്കും വീഴും. ഓടുകയും മരത്തില്‍ കയറുകയും ഒന്നും ഇല്ല. ആദ്യമൊക്കെ ചെറുതായി നടന്നിരുന്നെങ്കിലും പിന്നീട് അതും നിലച്ചു. വൈറല്‍ പനി ബാധിച്ചതോടെ പുരുഷുവിന് കാഴ്ചയും ചലനശേഷിയും നഷ്ടപ്പെട്ടു.
പുരുഷു ഇനി എഴുന്നേറ്റ് നടക്കില്ലെന്നും അധിക കാലം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പുരുഷുവിന്റെ പരിപാലനച്ചുമതല പൂര്‍ണമായും ബിന്ദു ഏറ്റെടുത്തു. കുഞ്ഞുങ്ങള്‍ക്ക് നല്കുന്നതു പോലെ മടിയിലിരുത്തിയാണ് ഭക്ഷണം നല്‍കുക. സ്വന്തം കിടപ്പുമുറിയില്‍ മറ്റൊരു കിടക്കയില്‍ ബിന്ദു അവനെ കിടത്തി ഉറക്കും. അവന് പ്രത്യേകം കിടക്കവിരിയും പുതപ്പും തലയിണയുമൊക്കെയുണ്ട്. പുരുഷുവിന്റെ മരണം ഈ കുടുംബത്തെ ഒന്നടങ്കം തളര്‍ത്തിയിരിക്കുകയാണ്.