മാന്നാര്‍: ഭര്‍തൃവീട്ടുകാരില്‍ നിന്നും മകനെ വിട്ടുകിട്ടാന്‍ 15 മണിക്കൂറോളം പ്രതിഷേധിച്ച് ഒരു അമ്മ. തയ്യൂര്‍ ആനന്ദഭവനത്തില്‍ വാടകയ്ക്ക് താമസിക്കുന്ന സ്നേഹ(26)യാണ് മകന് നാല് വയസ്സുള്ള അശ്വിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി മാന്നാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ 15 മണിക്കൂറോളം പ്രതിഷേധിച്ചത്.
ശനിയാഴ്ചയായിരുന്നു സംഭവം. ഭര്‍തൃവീട്ടില്‍ നിന്ന് മകനെ വിട്ടുകിട്ടാന്‍ നല്കിയ പരാതിക്ക് നീതിലഭിക്കാത്തതിനാലാണ് യുവതി പോലീസ് സ്റ്റേഷന് മുന്നില്‍ മണിക്കൂറോളം പ്രതിഷേധിച്ചത്. അര്‍ധരാത്രിയോടെ യുവതിയുടെ പ്രതിഷേധത്തിന് മുന്നില്‍ മാന്നാര്‍ പൊലീസിന് കീഴടങ്ങേണ്ടിവന്നു.
ബുധനൂര്‍ മനോജ്ഭവനത്തില് സുനിലുമായി 2014 -ല്‍ രജിസ്റ്റര്‍ വിവാഹം ചെയ്യുകയും ഭര്‍തൃവീട്ടുകാരുടെ മോശം പെരുമാറ്റം മൂലം ഭര്‍ത്താവുമായി വാടകയ്ക്ക് മാറി താമസിക്കുകയായിരുന്നെന്നും സ്നേഹ പറയുന്നു. ആദ്യകുഞ്ഞ് ഗര്‍ഭാവസ്ഥയില്‍ മരിച്ചിരുന്നു. രണ്ടാമത്തെ മകനായ അശ്വിന്റെ പേരിടീല്‍ ചടങ്ങിന് ശേഷം ഭര്‍ത്താവ് സുനില്‍ വിദേശത്തേക്ക് പോയി.
also read: മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യം, ഈ മാസം 30 ന് ഓട്ടോ- ടാക്സി പണിമുടക്ക്
2020 ജൂലായില്‍ താന്‍ കൊവിഡ് ബാധിച്ച് ക്വാറന്റീനിലായിരിക്കുമ്പോള്‍ കുഞ്ഞിനെ ഭര്‍തൃവീട്ടുകാര്‍ കൊണ്ടുപോയി. എന്നാല്‍, ക്വാറന്റീന് കാലം കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ കുഞ്ഞിനെ തിരികെ നല്‍കാനോ കാണാനോ അനുവദിക്കാതെ ഭര്‍ത്തൃ വീട്ടുകാര്‍ തന്നെ മാറ്റിനിര്‍ത്തിയതായും യുവതി പറയുന്നു.
2020 സെപ്റ്റംബറില്‍ മാന്നാര്‍ പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ നടപടിയില്ലാതായപ്പോള്‍, കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ ഡിവൈ. എസ്. പി. ക്കും പരാതിനല്‍കി. തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഇരുകൂട്ടരെയും മാന്നാര്‍ ഇന്‍സ്പെക്ടര്‍ സ്റ്റേഷനില്‍ വിളിപ്പിച്ചു.
എന്നാല്‍, ഭര്‍ത്താവ് നാട്ടിലെത്തുമ്പോള്‍ ഒത്തുതീര്‍പ്പുണ്ടാക്കാമെന്നറിയിച്ച് പൊലീസ് തന്നെ പറഞ്ഞു വിടാന്‍ ശ്രമിച്ചതായി യുവതി പറയുന്നു. കൂടാതെ സ്റ്റേഷനിലുണ്ടായിരുന്ന മകനെ, വനിതാ പൊലീസ് അടക്കമുള്ളവര്‍ ചേര്‍ന്ന് ബലംപ്രയോഗിച്ച് തന്റെയടുക്കല്‍ നിന്ന് നീക്കിയതായും സ്നേഹ പറയുന്നു. പൊലീസ് തന്നെ ബലമായി സ്റ്റേഷന് പുറത്താക്കുകയും അസഭ്യം പറയുകയും ചെയ്തതായും സ്നേഹ ആരോപിക്കുന്നു. തുടര്‍ന്നായിരുന്നു സ്നേഹയുടെ പ്രതിഷേധം.