കൊച്ചി: ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള ഫോര്‍ട്ട് കൊച്ചി കാര്‍ണിവല്‍ ഇത്തവണ പേരിന് മാത്രം. പാപ്പാഞ്ഞിയെ കത്തിക്കല്‍ ഇത്തവണയും ഉണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. 35 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി കഴിഞ്ഞ വര്‍ഷവും പാപ്പാഞ്ഞിയെ കത്തിക്കല്‍ ഒഴിവാക്കിയിരുന്നു.
ഇതോടെ കൊച്ചിക്കാരുടെ പുതുവത്സരാഘോഷത്തിന് മാറ്റ് കുറയും. സംസ്ഥാനത്ത് ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വലിയ രീതിയിലുള്ള പുതുവത്സരാഘോഷങ്ങള്‍ ഒഴിവാക്കിയത്. കാര്‍ണിവല്‍ റാലിയും ഇല്ല. പരിമിതമായ തോതില്‍ മാത്രമേ ആഘോഷങ്ങളും കലാപരിപാടികളും ഉണ്ടാവൂ.
also read: റെക്കോര്‍ഡ് മദ്യവില്‍പ്പന; ക്രിസ്മസ് തലേന്ന് കേരളത്തില്‍ വിറ്റഴിച്ചത് 65 കോടിയുടെ മദ്യം
1985 ല്‍ കൊച്ചിയിലെ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് കൊച്ചിന് കാര്‍ണിവല്‍ ആരംഭിച്ചതോടെയാണ് പാപ്പാഞ്ഞിയുടെ കടന്നു വരവ്. പോര്‍ച്ചു?ഗീസ് ഭാഷയില്‍ പാപ്പാഞ്ഞി എന്നാല്‍ മുത്തച്ഛന് എന്നാണര്‍ത്ഥം. കഴിഞ്ഞ വര്‍ഷത്തോട് വിടപറയുക എന്നര്‍ത്ഥത്തിലാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നത്.
പാപ്പാഞ്ഞി കത്തിയമരുന്നതിലൂടെ പോയവര്‍ഷത്തെ തിന്മയും അതോടൊപ്പം ഇല്ലാതാവും എന്നാണ് വിശ്വാസം. പാപ്പാഞ്ഞിയെ കത്തിക്കുന്നത് കാണാനും പുതുവത്സര രാവ് ആഘോഷിക്കാനും ഫോര്‍ട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിലേക്ക് വിദേശികളുള്‍പ്പെടെ നിരവധി പേര് എത്താറുണ്ടായിരുന്നു.