മലപ്പുറം: സോഷ്യല്‍മീഡിയ വിലക്കിയതിന്റെ ദേഷ്യത്തില്‍ സഹോദരനെതിരെ സഹോദരിയുടെ വ്യാജ പീഡന പരാതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് സഹോദരനെ കുടുക്കാന്‍ തന്ത്രം മെനഞ്ഞത്. ചങ്ങരംകുളം പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
സാമൂഹിക മാധ്യമങ്ങള്‍ വഴി സുഹൃത്തുക്കളുമായി ചങ്ങാത്തം സ്ഥാപിക്കുന്നത് വിലക്കിയതിനാണ് കെട്ടിച്ചമച്ച പരാതി നല്‍കിയത്. സഹോദരന് പലവട്ടം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി ചൈല്‍ഡ് ലൈന്‍ മുഖേന പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു.
ഇവര്‍ കേസ് പൊലീസിന് കൈമാറി. ജില്ലാ പൊലീസ് മേധാവിയുടെയും തിരൂര്‍ ഡിവൈഎസ്പിയുടെയും നിര്‍ദേശ പ്രകാരം ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ അന്വേഷണം ആരംഭിച്ചു. യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് കേസ് എടുക്കുകയും മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു.
എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ വൈരുധ്യം കണ്ടെത്തിയ സിഐ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സഹായം തേടി. വൈദ്യ പരിശോധനയും നടത്തി. പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്നു വ്യക്തമായതോടെ മനഃശാസ്ത്ര കൗണ്‍സലിങ് നടത്തി. അതോടെ പീഡനം നടന്നിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വ്യക്തമായത്.